മമിതയ്ക്ക് പിന്നാലെ തമിഴകം കീഴടക്കി അനിഷ്മയും; ഹാട്രിക്ക് ഹിറ്റടിച്ച് താരം

നായികയായ മൂന്ന് ചിത്രങ്ങള്‍ തുടര്‍ച്ചയായി ഹിറ്റടിച്ചിരിക്കുകയാണ്

മമിതയ്ക്ക് പിന്നാലെ തമിഴകം കീഴടക്കി അനിഷ്മയും; ഹാട്രിക്ക് ഹിറ്റടിച്ച് താരം
dot image

നയന്‍താര മുതല്‍ മമിത ബൈജു വരെ മലയാളത്തില്‍ നിന്ന് തമിഴിലെത്തി ഹിറ്റടിച്ച നായികമാര്‍ നിരവധിയാണ്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് പുതിയ ഒരാളും കൂടി എത്തിയിരിക്കുകയാണ്. മലയാളി നടി അനിഷ്മ അനില്‍കുമാര്‍ തമിഴ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. നായികയായ മൂന്ന് ചിത്രങ്ങള്‍ തുടര്‍ച്ചയായി ഹിറ്റടിച്ചിരിക്കുകയാണ്. 'സിറൈ', 'യൂത്ത്', 'മോദരാത്രി' എന്നീ മൂന്ന് ചിത്രങ്ങളും തമിഴില്‍ ഹിറ്റായി. മൂന്നിലും നായികാ വേഷത്തിലായിരുന്നു അനിഷ്മ.

2023-ല്‍ 'പൂവന്‍' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് താരം അരങ്ങേറിയത്. 'പൂവന്' പിന്നാലെ 'തെക്ക് വടക്ക്', 'ഐ ആം കാതലന്‍', 'മരണമാസ്സ്' എന്നീ ചിത്രങ്ങളില്‍ അനിഷ്മ മലയാളത്തില്‍ പ്രധാന വേഷങ്ങളിലെത്തി. 'ഐ ആം കാതലനി'ല്‍ നസ്ലിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായാണ് അനിഷ്മ വേഷമിട്ടത്. 'മരണമാസ്സി'ലെ ജസ്സിയും ശ്രദ്ധിക്കപ്പെട്ടു.

വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സുരേഷ് രാജകുമാരിയുടെ ആദ്യസ്വതന്ത്ര സംവിധാനസംരംഭമായിരുന്നു 'സിറൈ'ആയിരുന്നു അനിഷ്മയുടെ ആദ്യതമിഴ് ചിത്രം. 2025ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ നീലോത്തി എന്ന ഗാനം അനിഷ്മയ്ക്ക് പാന്‍- ഇന്ത്യന്‍ ശ്രദ്ധനേടിക്കൊടുത്തു. മൂന്നുകോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 32 കോടിയോളം ബോക്സ് ഓഫീസില്‍നിന്ന് വാരി.

പിന്നാലെ, തമിഴ്താരം കരുണാസിന്റെ മകന്‍ കെന്‍ കരുണാസ് സംവിധാനം ചെയ്ത് നായകനായ 'യൂത്തി'ലും നായികയായെത്തി. കമിങ് ഓഫ് ഏജ് സിനിമയായ 'യൂത്തി'ല്‍ അനിഷ്മയ്ക്ക് പുറമേ സുരാജ് വെഞ്ഞാറമ്മൂടും മീനാക്ഷി ദിനേശും മലയാളി സാന്നിധ്യങ്ങളായിരുന്നു. ആറുകോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം, 82 കോടിയോളം തിരിച്ചുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 21-നായിരുന്നു അനിഷ്മയുടെ മൂന്നാമത്തെ തമിഴ് ചിത്രം 'മോദരാത്രി' പുറത്തിറങ്ങിയത്. രാജാ കറുപ്പസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ റിഷികാന്ത് ആയിരുന്നു നായകന്‍. ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറി. ഇതോടെ ഹാട്രിക് ഹിറ്റടിച്ച നായികയായി അനിഷ്മ മാറി.

Content Highlights: Anishma has conquered the Tamil film industry, scoring a hat-trick of hits; three consecutive films starring her have become successful.

dot image
To advertise here,contact us
dot image