

ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ക്രിക്കറ്റ് ഡയറക്ടര്‍ വി.വി.എസ്. ലക്ഷ്മണ്‍, ഈ മാസം അവസാനം ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കും. കായിക മന്ത്രാലയം പുറത്തുവിട്ട പരിശീലകരുടെ പട്ടിക പ്രകാരം സുനില്‍ ജോഷി, ഋഷികേശ് കനിത്കര്‍, ശുഭദീപ് ഘോഷ് എന്നിവര്‍ ലക്ഷ്മണിന്റെ സഹപരിശീലകരായി പ്രവര്‍ത്തിക്കും.
ഇന്ത്യ സ്വര്‍ണം നേടിയ 2023-ലെ ചൈനയിലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും ലക്ഷ്മണായിരുന്നു ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിച്ചത്. സെപ്റ്റംബര്‍ 27 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയുടെ ഭാഗമായി പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍ സീനിയര്‍ ടീമിനൊപ്പമുണ്ടാകും. ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 24-ന് ആരംഭിക്കും, എന്നാല്‍ ഇന്ത്യയുടെ ആദ്യ മത്സരം നാല് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും.
അതേസമയം, അമോല്‍ മുജുംദാര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായി തുടരും. ബൗളിങ് കോച്ച് ആവിഷ്‌കാര്‍ സാല്‍വി, ഫീല്‍ഡിങ് കോച്ച് മുനീഷ് ബാലി എന്നിവര്‍ മുജുംദാറിനെ സഹായിക്കും. ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ നേരിടുമ്പോള്‍, പുരുഷ ടീം അഫ്ഗാനിസ്താന്‍, ജപ്പാന്‍, നേപ്പാള്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എ-യില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനെയായിരിക്കും നേരിടുക.
ക്രിക്കറ്റില്‍, ശ്രേയസ് അയ്യരുടെ നായകത്വത്തിലാണ് ഇന്ത്യന്‍ പുരുഷ ടീം ഏഷ്യന്‍ ഗെയിംസ് ട്വന്റി-20 കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയും പുരുഷ സ്‌ക്വാഡിന്റെ ഭാഗമാണ്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ വനിതാ ടീമും തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജാസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, പ്രതിക റാവല്‍, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ഗുണാലന്‍ കമാലിനി, ഭാരതി ഫുല്‍മാലി, ശ്രീ ചരണി, രേണുക താക്കൂര്‍, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, രാധ യാദവ്, നന്ദനി ശര്‍മ.
content highlights: VVS Laxman Appointed Head Coach of Indian Men's Cricket Team for Asian Games