

ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബര്‍ 23-ലേക്ക് മാറ്റി. മുമ്പ് സെപ്റ്റംബര്‍ 20-ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്നും ഔദ്യോഗികമായി അറിയിച്ചത്.
2002 ലോകകപ്പ് ജേതാക്കളായ റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ വിറ്റോര്‍ ബോര്‍ബ ഫെറെയ്റ എന്നിവരുടെ വരവാണ് ഈ വമ്പന്‍ പോരാട്ടത്തിന്റെ പ്രധാന ആകര്‍ഷണം. ഇവര്‍ക്കൊപ്പം എഡ്മില്‍സണ്‍ ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെര്‍ജിയോ സില്‍വെസ്‌ട്രെ ദോ നാസിമെന്റോ, ജിയോവാനി സില്‍വ ഡി ഒലിവെയ്റ, ജെനില്‍സണ്‍ ആഞ്ചലോ ഡിസൂസ (ജൂനിയര്‍), പൗലോ സെര്‍ജിയോ റോസ (വിയോള), ഗോള്‍കീപ്പര്‍ ഹ്യൂറെല്‍ഹോ ദ സില്‍വ ഗോമസ്, അലക്‌സാന്ദ്രെ ദ സില്‍വ മരിയാനോ (അമാരല്‍), ഗുസ്താവോ നെറി ഡി സാ ദ സില്‍വ, റിക്കാര്‍ഡോ ഡി ഒലിവെയ്റ, ജോര്‍ജ്ജ് ഡി അമൊറിം കാമ്പോസ് (ജോര്‍ജീഞ്ഞോ), മാര്‍സെലോ ഫെറെയ്റ ഫെര്‍ണാണ്ടസ് (കമാന്‍ഡുകായ), എലിവെല്‍ട്ടണ്‍ ആല്‍വസ് റൂഫിനോ, എല്‍സണ്‍ റൊഡ്രിഗസ് ഡി സൂസ, മാര്‍ക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയില്‍ പന്തുതട്ടും.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രശസ്ത താരങ്ങളായ ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി, സികെ വിനീത്, കെടി ചാക്കോ തുടങ്ങിയവര്‍ അണിനിരക്കുന്ന ശക്തമായ നിരയാണ് ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സിനായി കളത്തിലിറങ്ങുന്നത്. ഗാമന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവര്‍ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കായികമാമാങ്കം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീല്‍ മുന്‍ താരങ്ങളുടെ ഗ്ലോബല്‍ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുക.
content highlights: The Brazil Legends vs India All Stars football clash in Kochi has been rescheduled to September 23