ആഗോള ജീവിതനിലവാര സൂചികയിൽ ഖത്തറിനും ഒമാനും വൻ കുതിപ്പ്; പ്രതിസന്ധികൾക്കിടയിലും മികച്ച നേട്ടം

പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ മികച്ച ജീവിതസാഹചര്യം ഒരുക്കാൻ സാധിച്ചതാണ് ഇരുരാജ്യങ്ങൾക്കും തുണയായത്

ആഗോള ജീവിതനിലവാര സൂചികയിൽ ഖത്തറിനും ഒമാനും വൻ കുതിപ്പ്; പ്രതിസന്ധികൾക്കിടയിലും മികച്ച നേട്ടം
dot image

ആഗോള ഡാറ്റാബേസ് ഏജൻസിയായ 'നംബയോ' പ്രസിദ്ധീകരിച്ച ഈ വർഷത്തെ ഏറ്റവും പുതിയ ആഗോള ജീവിതനിലവാര സൂചികയിൽ ഖത്തറിനും ഒമാനും വൻ മുന്നേറ്റം. അന്താരാഷ്ട്ര തലത്തിൽ മികച്ച ജീവിതസാഹചര്യങ്ങളുള്ള ആദ്യ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഖത്തർ 12-ാം സ്ഥാനത്തെത്തി. ആറ് മാസത്തിനിടെ ആറ് സ്ഥാനങ്ങളാണ് ഖത്തർ മെച്ചപ്പെടുത്തിയത്. മുമ്പ് നാലാം സ്ഥാനത്തായിരുന്ന ഒമാൻ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തി വൻ കുതിപ്പ് നടത്തി.

നംബയോ ഈ വർഷം ആദ്യം പുറത്തുവിട്ട പട്ടികയിൽ ഖത്തർ 18-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് കേവലം ആറ് മാസം കൊണ്ട് ആറ് സ്ഥാനങ്ങൾ ഒന്നിച്ച് മെച്ചപ്പെടുത്തി ഖത്തർ ഈ നേട്ടം സ്വന്തമാക്കിയത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെയും കരിനിഴലുകളുടെയും ഇടയിലും ഗൾഫ് രാജ്യങ്ങൾ കൈവരിച്ച ഈ നേട്ടം ഏറെ ശ്രദ്ധേയമാണ്. വികസിത പാശ്ചാത്യ രാജ്യങ്ങളായ അമേരിക്ക, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തറിന്റെ ഈ മുന്നേറ്റം. കഴിഞ്ഞ തവണ 182.7 ആയിരുന്ന ഖത്തറിന്റെ ഇൻഡക്സ് സ്കോർ ഇത്തവണ 188.6 ആയി ഉയർന്നു.

ദീർഘകാല വികസന പദ്ധതികൾ, ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട പൊതുസേവനങ്ങൾ, ആരോഗ്യ മേഖലയിലെ മികച്ച പുരോഗതി, ഉയർന്ന സുരക്ഷയും സ്ഥിരതയും എന്നിവയാണ് രാജ്യങ്ങളെ വിലയിരുത്തുന്നതിനായി നംബയോ മാനദണ്ഡമാക്കിയത്. സുസ്ഥിരമായ വികസനത്തിലൂടെയും മികച്ച ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ മികച്ച ജീവിതസാഹചര്യം ഒരുക്കാൻ സാധിച്ചതാണ് ഇരുരാജ്യങ്ങൾക്കും തുണയായത്.

ആഗോള ജീവിതനിലവാര സൂചികയിൽ നെതർലാൻഡ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. ലക്സംബർഗ് രണ്ടാം സ്ഥാനത്തും ഒമാൻ മൂന്നാം സ്ഥാനത്തും എത്തിനിൽക്കുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ഡെന്മാർക്ക് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ സ്വിറ്റ്‌സർലാൻഡ് അഞ്ചാം സ്ഥാനം നിലനിർത്തി. ഗൾഫ് മേഖലയിൽ ഒമാനും ഖത്തറുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.

Content Highlights: Qatar and Oman have recorded notable improvements in the global quality of life index. The Gulf nations achieved better positions by strengthening factors linked to living standards, development, and overall well-being.

dot image
To advertise here,contact us
dot image