

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഗതാഗത വകുപ്പ് മന്ത്രി ഇന്നലെ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്. സ്വകാര്യ ബസുകളെ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. പരസ്യ വരുമാനം സ്വകാര്യ ബസുകള്‍ക്കും നല്‍കുമെന്നും പെട്രോള്‍ വില വര്‍ധന കണക്കിലെടുത്ത് നിലവിലുളള ബസുകളെ സിഎന്‍ജിയിലേക്ക് മാറ്റാന്‍ ആലോചനയുണ്ടെന്നും സി പി ജോണ്‍ പറഞ്ഞിരുന്നു.
പ്രിയദര്‍ശിനി യാത്ര പദ്ധതി നടപ്പിലായതോടെ തങ്ങള്‍ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രിയദര്‍ശിനി യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. ജൂൺ 29-ന് വയനാട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി പ്രതിഷേധിച്ചിരുന്നു. പ്രിയദര്‍ശനി പദ്ധതി മൂലം പ്രതിദിനം 3000 രൂപ വരുമാനത്തില്‍ കുറവെന്നാണ് ബസുടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: To address the concerns of private bus operators hit by the 'Priyadarshini' free travel scheme, the Kerala Transport Department has decided to set up a special committee to study the crisis.