

പാസ്പോർട്ട് സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ചതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. നിലവിലെ സാഹചര്യത്തിൽ നിരവധി പ്രയാസങ്ങൾ നേരിടുന്ന പ്രവാസികൾക്ക് ഇപ്പോൾ ഉയർത്തിയിട്ടുള്ള നിരക്കുകൾ താങ്ങാനാവുന്നതിൽ അപ്പുറമാണെന്ന് പ്രവാസികൾ പറയുന്നു. സാധാരണ പാസ്പോർട്ടിന് നിലവിലുള്ള നിരക്കിനേക്കാൾ 23 ഒമാനി റിയാലിന്റെ (ഏകദേശം 6000 ത്തോളം രൂപ) വർധനവാണ് വരുത്തിയിട്ടുള്ളത്.
നിലവിലെ പശ്ചിമേഷൻ യുദ്ധ സാഹചര്യത്തിൽ തൊഴിലിന് അടക്കം പ്രതിസന്ധി നേരിടുന്ന പ്രത്യേക അവസ്ഥയിൽ ഈ വർധനവ് താങ്ങാവുന്നതിൽ അധികമാണെന്ന് നിരവധി സാമൂഹ്യപ്രവർത്തകരും അഭിപ്രായപ്പെട്ടു. ഇത് പ്രവാസികളുടെ വയറ്റത്തടിക്കുന്ന നിലപാടാണെന്ന് കെഎംസിസി പ്രവർത്തകൻ യൂസുഫ് പറഞ്ഞു.
കേന്ദ്ര സർക്കാർ ഇതുവരെ പ്രവാസികൾക്ക് ഗുണകരമായ ഒന്നും ചെയ്തിട്ടില്ലെന്ന് ലോക കേരള സഭ അംഗം സിദ്ദീഖ് ഹസ്സൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടിന് പൗരത്വവുമായി യാതൊരു ബന്ധവുമില്ല എന്ന പ്രഖ്യാപനം വന്നതോടെ പാസ്പോർട്ടിന്റെ മൂല്യം തന്നെ ഇടിഞ്ഞു എന്നും സിദ്ദിഖ് ഹസ്സൻ പറഞ്ഞു.
പ്രവാസികളുടെ കാര്യത്തിൽ കേരളത്തിലുള്ള പാർലമെന്റ് അംഗങ്ങളും സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി നിരക്ക് വർധന പുനപരിശോധിക്കാനുള്ള നടപടികൾ എടുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. പാസ്പോർട്ട് അധിക പേജുകൾക്കും അതുപോലെ ഡാമേജ് പാസ്പോർട്ടിനുള്ള ചാർജും ക്രമാതീതമായി കൂട്ടിയതിനെയും നിരവധി സാമൂഹ്യപ്രവർത്തകർ അടക്കമുള്ള സാധാരണക്കാരും പ്രതിഷേധം രേഖപ്പെടുത്തി.
Content Highlights: Passport Service Fee Hike Sparks Strong Protest Among Expats