

യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ ഉപദ്വീപിൽ ഈ വർഷത്തെ ഏറ്റവും കഠിനമായ വേനൽക്കാലത്തിന് തുടക്കമാകുന്നു. ജൂലൈ മൂന്ന് മുതൽ മേഖലയിൽ പരമ്പരാഗത ഉഷ്ണകാല ഘട്ടമായ 'ജംറത്ത് അൽ ഖൈത്' ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ചില മരുഭൂമി പ്രദേശങ്ങളിൽ പകൽ സമയത്തെ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയർന്നേക്കാവുന്ന ഈ സീസണിൽ, കടുത്ത ചൂടും വരണ്ട കാറ്റും ആവർത്തിച്ചുള്ള ഉഷ്ണതരംഗങ്ങളും ജനജീവിതത്തെ സാരമായി ബാധിക്കും.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ചൂടേറിയ 40 ദിവസങ്ങളെയാണ് പരമ്പരാഗതമായി 'ജംറത്ത് അൽ ഖൈത്' അഥവാ 'വേനൽക്കാലത്തെ കനലുകൾ' എന്ന് വിശേഷിപ്പിക്കുന്നത്. ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവ് ഗൾഫ് മേഖലയിലെ കഠിനമായ വേനലിന്റെ രണ്ടാം ഘട്ടവും അതിന്റെ പരമാവധിയുമായിരിക്കും. ഈ ദിവസങ്ങളിൽ സൂര്യപ്രകാശം ഏറ്റവും ശക്തമായി ഭൂമിയിൽ പതിക്കുന്നതാണ് ചൂട് അസഹനീയമാകാൻ കാരണം.
ഈ സീസണിൽ 'സമൂം' എന്നറിയപ്പെടുന്ന ഉഷ്ണമേറിയ വരണ്ട കാറ്റിന്റെ ആവൃത്തി വർദ്ധിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ഇതോടൊപ്പം 'വഗ്റത്ത് അൽ ഖൈത്' എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഉഷ്ണതരംഗങ്ങളും സാധാരണയായിരിക്കും. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില സാധാരണ നിരക്കിൽ നിന്നും നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുതന്നെ നിൽക്കും. ജൂലൈ അവസാനത്തോടെ താപനില പലയിടങ്ങളിലും 50 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ഓഗസ്റ്റ് 11-ഓടെ കനത്ത ചൂടിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കുത്തനെ ഉയരുന്ന അടുത്ത ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കും. വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്നതിനാൽ പുറംജോലികളിൽ ഏർപ്പെടുന്നവരും പ്രവാസികളും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണം. നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കാനും, നിർജ്ജലീകരണം തടയാൻ ആവശ്യത്തിന് വെള്ളവും ദ്രാവകങ്ങളും കുടിക്കാനും ആരോഗ്യ വിദഗ്ദ്ധർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: Meteorological authorities have warned that the Gulf countries are entering the year's most intense 40-day summer heat period. Residents have been advised to avoid prolonged outdoor exposure, stay hydrated, and follow official safety guidelines to prevent heat-related illnesses.