

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയിലെ കെസാഡ് വ്യവസായ മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ റെഡാര്‍ സംവിധാനം തകര്‍ന്നു. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാഗിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം വീണ്ടും പാഴ്വാക്കായി. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തി.
തുടര്‍ച്ചയായി 29-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടരുകയാണ് ഇറാന്‍. യുഎഇയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്താന്‍ സ്വദേശിക്കും പരിക്കേറ്റു. അബുദാബിയിലെ കെസാഡ് വ്യവസാമേഖലയില്‍ യുഎഇ പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് പരിക്ക്. ആക്രമണത്തില്‍ രണ്ടിടത്ത് തീപിടുത്തം ഉണ്ടായതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റെഡാര്‍ സംവിധാനം തകരാറാലിയി. നിരവധി തവണ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നും ആര്‍ക്കും പരിക്കില്ലെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. സൗദി അറേബ്യയിലെ അമേരിക്കന്‍ വ്യോമ താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 12 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലും ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി.
ഒമാനിലെ സലാല തുറമുഖത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു ക്രെയിനും ആക്രമണത്തില്‍ തകര്‍ന്നു. കുവൈറ്റിനെ ലക്ഷ്യമാക്കിയും ഇന്നും ഇറാന്‍ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു. ആറ് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന വ്യക്തമാക്കി. ബഹ്റൈനിലും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
അതേസമയം ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന ഡോണാര്‍ഡ് ട്രംപിന്റെ വാഗാദാനം ലംഘിച്ച് ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എതിരായ ആക്രമണം ഇറാന്‍ ശക്തമാക്കിയത്. യുദ്ധത്തില്‍ പങ്കുചേരുമെന്ന് ഹൂത്തികളും സൂചന നല്‍കിയതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.
Content Highlights: Iran continues attacks in Gulf countries, rendering former US President Donald Trump’s ceasefire announcement ineffective. Tensions escalate in the region.