ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ജിസിസി രാജ്യങ്ങൾ

പശ്ചിമേഷ്യൻ മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെയും സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ജിസിസി വിദേശകാര്യ മന്ത്രിമാർ അടിയന്തര കൂടിയാലോചന നടത്തിയത്

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ജിസിസി രാജ്യങ്ങൾ
dot image

പശ്ചിമേഷ്യൻ മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ജിസിസി രാജ്യങ്ങൾ രം​ഗത്ത്. ഒമാൻ വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സൈനിക നീക്കങ്ങൾക്കപ്പുറം രാഷ്ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ മേഖലയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തേണ്ടതാണെന്നും യോഗം വിലയിരുത്തി.

പശ്ചിമേഷ്യൻ മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെയും സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ജിസിസി വിദേശകാര്യ മന്ത്രിമാർ അടിയന്തര കൂടിയാലോചന നടത്തിയത്. ആഗോള ഇന്ധന വിതരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഹോർമൂസ് കടലിടുക്കിൽ നാവിഗേഷൻ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തമാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി കപ്പൽ ഗതാഗതവും വ്യാപാരവും തടസ്സമില്ലാതെ നടപ്പിലാക്കണമെന്നും തീരദേശ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് സൈനിക നീക്കങ്ങൾക്കപ്പുറം രാഷ്ട്രീയ, നയതന്ത്ര ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ജിസിസി മന്ത്രിമാർ അഭിപ്രായപ്പെട്ടു. പരസ്പര ആത്മവിശ്വാസം വളർത്താനും എല്ലാ കക്ഷികൾക്കും സ്വീകാര്യമായ പരിഹാരങ്ങളിൽ എത്തിച്ചേരാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയവും ചൂണ്ടിക്കാട്ടി.

ജൂലൈ 11-ന് ആരംഭിച്ച 13 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച മുതലാണ് മേഖലയിൽ താൽക്കാലിക ശാന്തത നിലവിൽ വന്നത്. അമേരിക്ക ഇറാന് ഉള്ളിൽ ആക്രമണം നടത്തുകയും ഇതിന് മറുപടിയായി അറബ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യമിടുകയും ചെയ്തിരുന്നു. തുടർന്ന് ഹോർമൂസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.

കടൽമാർഗ്ഗമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും വാഷിംഗ്ടൺ ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ തീരപ്രദേശത്തുകൂടിയുള്ള കപ്പൽ ഗതാഗതം തങ്ങളുടെ മേൽനോട്ടത്തിലുള്ള സംവിധാനത്തിന് കീഴിലായിരിക്കണമെന്നാണ് ടെഹ്റാൻ ഉന്നയിക്കുന്ന നിലപാട്. തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കാൻ സംയുക്ത ശ്രമങ്ങൾ തുടരാനാണ് ജിസിസി തീരുമാനം.

Content Highlights: GCC countries have urged measures to guarantee the safety of maritime traffic in the Strait of Hormuz. The demand comes amid concerns over regional stability and the security of one of the world’s most important shipping routes.

dot image
To advertise here,contact us
dot image