പിഎംശ്രീയില്‍ 'ടീം യുഡിഎഫ്' അല്ല?; പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ലീഗിന്റെ എതിര്‍പ്പ് മറികടന്ന്

പിഎംശ്രീയില്‍ ഇടതുസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു പണം വാങ്ങിയതിനാല്‍ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലെ വിലയിരുത്തല്‍

പിഎംശ്രീയില്‍ 'ടീം യുഡിഎഫ്' അല്ല?; പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ലീഗിന്റെ എതിര്‍പ്പ് മറികടന്ന്
dot image

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് തീരുമാനം മുസ്ലീംലീഗിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടെന്ന് സൂചന. പിഎം ശ്രീയില്‍ തല്‍സ്ഥിതി തുടരണമെന്ന് യുഡിഎഫ് യോഗത്തില്‍ നിലപാട് സ്വീകരിച്ച ലീഗ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ വിയോജിപ്പറിയിക്കുകയും ചെയ്തു. പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന യുഡിഎഫ് കണ്‍വീനറുടെ പരസ്യപ്രഖ്യാപനത്തിലും ലീഗിന് അതൃപ്തിയുണ്ട്.

പിഎംശ്രീയില്‍ ഇടതുസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു പണം വാങ്ങിയതിനാല്‍ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലെ വിലയിരുത്തല്‍. പിഎംശ്രീയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് യുഡിഎഫ് നീക്കം. പിഎംശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്നും മുന്നോട്ടുപോകുമെന്നും കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതികരിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിഎംശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗിനെ സംബന്ധിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് നീക്കം രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കുന്നതാണ്.

2025 ഒക്ടോബറിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംശ്രീ കരാറില്‍ ഒപ്പുവെച്ചത്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനിച്ചതോടെ ലീഗ് പ്രതിസന്ധിയിലായി. വ്യവസ്ഥകള്‍ മുഴുവനായും നടപ്പിലാക്കില്ല മറിച്ച് ഇളവ് തേടുമെന്ന് യുഡിഎഫ് പറയുമ്പോഴും മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പിഎം ശ്രീ നടപ്പിലാക്കേണ്ടി വരുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ഇതോടെയാണ് ലീഗ് യുഡിഎഫ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം പിഎംശ്രീ നടപ്പാക്കരുതെന്ന് സമസ്ത കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. കേരളത്തോടുള്ള വഞ്ചനയെന്നും യുഡിഎഫ് ചരിത്രത്തിലെ കറുത്ത അധ്യായമായി അടയാളപ്പെടുത്തുമെന്നും എസ്‌വൈഎസ് കുറ്റപ്പെടുത്തി.

Content Highlights: Indications suggest the UDF has decided to move forward with the PM SHRI scheme despite opposition from the Muslim League

dot image
To advertise here,contact us
dot image