

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തിയതായി ഇറാന്‍. ഇറാന്റെ ഇടക്കാല നേതൃകൗണ്‍സില്‍ ഇക്കാര്യം തീരുമാനിച്ചതായി പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. അതിനിടെ ഇറാന്‍ അയല്‍രാജ്യങ്ങളോട് കീഴടങ്ങിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ജിസിസി രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ആക്രമണം അവസാനിപ്പിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രമാക്കി തങ്ങള്‍ക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കില്‍ ആക്രമിക്കില്ലെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.
അതിനിടെ ഇറാന്‍ അയല്‍രാജ്യങ്ങളോട് കീഴടങ്ങിയെന്ന് പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തി. ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുമെന്നും ഇറാന്റെ പൂര്‍ണനാശമാണ് ലക്ഷ്യമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് വ്യക്തമാക്കി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ വ്യാപക ആക്രമണത്തിന് തുടക്കമിട്ടത്.
യുഎസ് വ്യോമതാവളങ്ങള്‍ക്ക് പുറമെ തന്ത്ര പ്രധാന മേഖലകളെയും തുറമുഖങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയും ഇറാന്റെ മിസെലുകളും ഡ്രോണുകളും എത്തി. ഇന്ന് രാവിലെയും വിവിധ ജിസിസി രാജ്യങ്ങളില്‍ ആക്രണമുണ്ടായി. യുഎഇയ്ക്ക് എതിരെ 137 ആക്രമണ ശ്രമങ്ങളാണ് ഇന്ന് മാത്രമുണ്ടായത്. 119 ഡ്രോണുകളും 15 മിസൈലുകളും തകര്‍ക്കാന്‍ യുഎഇയുടെ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളും ശക്തമായാണ് ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചത്. എന്നാല്‍ അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിലവില്‍ ശാന്തമാണ് ജി.സിസി രാജ്യങ്ങള്‍. എങ്കിലും കനത്ത ജാഗ്രത തുടരുന്നുണ്ട്.
Content Highlights: Iran announces it will stop attacks on Gulf countries but makes it clear that it will not surrender to Israel or the United States amid rising regional tensions.