ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള ഇറാൻ ആക്രമണം കുറഞ്ഞു; പ്രവാസികൾ ഉൾപ്പെടെ ആശ്വാസത്തിൽ

സൗദി അറേബ്യയെ ലക്ഷ്യമാക്കിയും ഇറാന്റെ മിസൈലുകളും ഡ്രോണുകളുമെത്തി. ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള ഇറാൻ ആക്രമണം കുറഞ്ഞു; പ്രവാസികൾ ഉൾപ്പെടെ ആശ്വാസത്തിൽ
dot image

ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം വലിയ തോതില്‍ കുറഞ്ഞു. എങ്കിലും വിവിധ ജിസിസി രാജ്യങ്ങളില്‍ ഇറാന്‍ ഇന്നും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തി. ശക്തമായ പ്രതിരോധമാണ് ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്നത്. ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരും ആശ്വാസത്തിലാണ്.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥക്ക് വലിയ തോതില്‍ അയവ് വന്നിട്ടുണ്ട്. എങ്കിലും വിവിധ ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രണം തുടരുകയാണ് ഇറാന്‍. ഖത്തറിന് നേരെ ഇന്ന് വീണ്ടും ഇറാന്റെ ആക്രമണം ഉണ്ടായി. യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു പ്രധാനമായും ആക്രമണം. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പ്രവാസികള്‍ പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായി ദോഹയിലെ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.

സൗദി അറേബ്യയെ ലക്ഷ്യമാക്കിയും ഇറാന്റെ മിസൈലുകളും ഡ്രോണുകളുമെത്തി. ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് തീരത്തും ഇന്ന് ഇറാന്റെ ആക്രണമുണ്ടായി. ഡ്രോണുകള്‍ തകര്‍ത്തപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ വീണത് സ്‌ഫോടനത്തിനും കാരണമായി. ബഹ്‌റൈനിലും യുഎസ് സൈനിക താവളം ലക്ഷ്യമാക്കി ഇന്നും ഇറാന്‍ ഡ്രോണുകള്‍ അയച്ചു. എന്നാല്‍ സേനയുടെ പ്രതിരോധ സംവിധാനം അതിനെ ശക്തമായി ചെറുത്തു.

യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ തകര്‍ന്ന മിസൈലിന്റെ ഭാഗങ്ങള്‍ വീണ് ആറ് പേര്‍ക്ക് കൂടി പരിക്ക് പറ്റിയയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഐക്കാട് സിറ്റി 2 വിലാണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. പാകിസ്ഥാന്‍, നേപ്പാള്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇതോടെ യുഎഇയില്‍ പരിക്കേറ്റവരുടെ എണ്ണം 94 ആയി. ഇന്ന് ആറ് ബലിസ്റ്റിക്ക് മിസൈലുകളെയും 125 ഡ്രോണുകളെയും നേരിട്ടതായി വ്യോമസേന അറിയിച്ചു. ഇതില്‍ ഒരു ബലിസ്റ്റിക്ക് മിസൈലും ആറ് ഡ്രോണുകളും രാജ്യത്ത് പതിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്നും പ്രവര്‍ത്തിക്കുന്നില്ല. മറ്റ് വിവിധ വിനോദ സഞ്ചാര മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തുടരുന്നു.

Content Highlights: Tensions ease in the Gulf as Iranian attacks targeting Gulf countries decline, bringing relief to residents and expatriates across the region.

dot image
To advertise here,contact us
dot image