

സൗദി അറേബ്യയിൽ കൊലപാതകം നടന്നെന്ന തരത്തില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് അധികൃതരുടെ സ്ഥിരീകരണം. വീഡിയോ വ്യാജമായി റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാറ്റിന്‍ മേഖലയില്‍ കൊലപാതകം നടന്നെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമത്തില്‍ വീഡിയോ പ്രചരിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വീഡിയോ വ്യാജമാണെന്ന് വ്യക്തമായി. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ പ്രചരിക്കുന്ന വീഡിയോ സത്യമല്ലെന്നും വ്യാജമായി നിര്‍മ്മിച്ചതാണെന്നും കിഴക്കന്‍ മേഖല പോലീസ് വ്യക്തമാക്കി.
കുടുംബ തർക്കത്തെ തുടർന്നാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. കുടുംബം തര്‍ക്കം പരിഹരിച്ചതായും അതോറിറ്റി അറിയിച്ചു. വീഡിയോ റെക്കോഡ് ചെയ്ത് പോസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. പ്രതിക്കെതിരായ നിയമ നടപടി തുടരുകയാണ്.
സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് സൗദിയില്‍ ഗുരുതര കുറ്റമാണ്. സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമപ്രകാരം, നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും മൂന്ന് ദശലക്ഷം സൗദി റിയാല്‍ വരെ പിഴയും ലഭിക്കാം. സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനവും രാജ്യത്ത് നിലവിലുണ്ട്.
Content Highlights: Saudi Arabian authorities confirmed that a video circulated online claiming a murder incident is fake and misleading.