രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ ബഹ്‌റൈൻ; അവയവമാറ്റ ശസ്ത്രക്രിയകൾക്ക് കർശന നിയന്ത്രണങ്ങൾ

വൃക്ക, ഹൃദയം, കരൾ, ശ്വാസകോശം, അസ്ഥിമജ്ജ, നേത്രപടലം (കോർണിയ) എന്നിവ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾക്കാണ് പുതിയ ചട്ടങ്ങൾ ബാധകമാകുക

രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ ബഹ്‌റൈൻ; അവയവമാറ്റ ശസ്ത്രക്രിയകൾക്ക് കർശന നിയന്ത്രണങ്ങൾ
Bahrain Hospital Representation
dot image

ബഹ്‌റൈനിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രികൾക്ക് കർശനമായ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ ഡോക്ടർമാർ, അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങൾ, പ്രത്യേക സൗകര്യങ്ങളുള്ള ശസ്ത്രക്രിയാ മുറികൾ എന്നിവ നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ പുറത്തിറക്കി. വൃക്ക, ഹൃദയം, കരൾ, ശ്വാസകോശം, അസ്ഥിമജ്ജ, നേത്രപടലം (കോർണിയ) എന്നിവ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾക്കാണ് പുതിയ ചട്ടങ്ങൾ ബാധകമാകുക.

പുതിയ നിയമപ്രകാരം ഓരോ അവയവമാറ്റ കേന്ദ്രത്തിലും പ്രത്യേക വായു ശുദ്ധീകരണ സംവിധാനമുള്ള കുറഞ്ഞത് രണ്ട് ശസ്ത്രക്രിയാ മുറികളും രോഗികളെ നിരീക്ഷിക്കാനുള്ള രണ്ട് പ്രത്യേക മുറികളും അണുബാധയേൽക്കാതെ സുരക്ഷിതമായി പാർപ്പിക്കാനുള്ള പ്രത്യേക മുറികളും ഉണ്ടായിരിക്കണം. ഇതിന് പുറമെ അത്യാധുനിക ജീവൻരക്ഷാ സംവിധാനങ്ങളുള്ള തീവ്രപരിചരണ വിഭാഗം (ഐ സി യു), ഡയാലിസിസ്, രക്തബാങ്ക്, ശ്വസന ചികിത്സ, ഫിസിയോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രികളിൽ നിർബന്ധമാണ്. അവയവങ്ങളുടെ പൊരുത്തം പരിശോധിക്കുന്നതിനുള്ള ലബോറട്ടറി സംവിധാനങ്ങൾക്കൊപ്പം അൾട്രാസൗണ്ട്, എക്സ്-റേ, സി ടി, എം ആർ ഐ തുടങ്ങിയ ആധുനിക പരിശോധനാ സൗകര്യങ്ങളും ആശുപത്രിയിൽ തന്നെ സജ്ജമാക്കിയിരിക്കണം.

നേത്രപടലം മാറ്റിവയ്ക്കുന്ന ആശുപത്രികൾക്ക് നേത്രബാങ്ക് സൗകര്യവും അസ്ഥിമജ്ജ മാറ്റിവയ്ക്കുന്ന കേന്ദ്രങ്ങൾക്ക് കോശങ്ങൾ അതിശൈത്യത്തിൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്രത്യേക സംവിധാനവും ഉണ്ടായിരിക്കണം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർക്ക് ബഹ്‌റൈൻ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെ (എൻ എച്ച് ആർ എ) ലൈസൻസും അംഗീകൃത കേന്ദ്രങ്ങളിലെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. കൂടാതെ ഡോക്ടർമാർ വർഷംതോറും കുറഞ്ഞത് 30 മണിക്കൂർ പ്രത്യേക പരിശീലനം നേടിയിരിക്കണം. അവയവമാറ്റ നടപടികൾ ഏകോപിപ്പിക്കുന്നവർക്ക് നഴ്സിം​ഗ് ബിരുദവും മറ്റ് ജീവനക്കാർക്ക് പ്രത്യേക പരിശീലനവും വേണമെന്നും ഉത്തരവിൽ പറയുന്നു.

അവയവ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും ആരോഗ്യ പരിശോധന, രക്തഗ്രൂപ്പ് പൊരുത്തപ്പെടുത്തൽ, സമ്മതപത്രം വാങ്ങൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുടർചികിത്സ എന്നിവയ്ക്ക് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. രോഗികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചികിത്സയ്ക്കിടയിലുണ്ടാകുന്ന ഏതൊരു അനിഷ്ട സംഭവവും അധികൃതരെ അറിയിക്കുകയും വേണം. ആശുപത്രികൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ആരോഗ്യ നിയന്ത്രണ അതോറിറ്റി കർശനമായി പരിശോധിക്കും. തുടർന്ന് അനുമതിയുള്ള ആശുപത്രികളുടെയും അവിടെ നടത്താവുന്ന ശസ്ത്രക്രിയകളുടെയും പട്ടിക തയ്യാറാക്കി ആരോഗ്യമന്ത്രിയുടെ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും.

Content Highlights: Bahrain's Ministry of Health has introduced new standards for hospitals conducting organ and tissue transplant procedures. Under Ministerial Decision No. 26 of 2026, healthcare facilities must meet strict requirements related to specialist doctors, trained medical teams, advanced equipment, operating theatres and post-surgery care

dot image
To advertise here,contact us
dot image