

പരമ്പരാഗത പ്ലാസ്റ്റിക് കവറുകൾക്കും പാക്കേജിംഗ് ഉത്പ്പന്നങ്ങൾക്കും പകരമായി സസ്യങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് (ബയോപ്ലാസ്റ്റിക്) നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രത്യേക ഉത്പ്പാദന കേന്ദ്രം ബഹ്റൈനിലെ ഹിദ്ദിൽ പ്രവർത്തനം ആരംഭിച്ചു. ഹിദ്ദ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 'ലാലാപ്ലാസ്റ്റ് ബയോപ്ലാസ്റ്റിക്സ്' ആണ് ഈ പുതിയ കേന്ദ്രത്തിന് നേതൃത്വം നൽകുന്നത്. 2023-ൽ ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട കമ്പനി, പൂർണ്ണമായും പ്രകൃതിദത്തമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പാക്കേജിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.
മരച്ചീനി (കസവ) വേരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അന്നജം, സസ്യ എണ്ണകളുടെ ഘടകങ്ങൾ, പ്രകൃതിയിൽ എളുപ്പത്തിൽ അലിഞ്ഞുചേരുന്ന മറ്റ് ജൈവ വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഇവിടെ കവറുകളും പാക്കേജിംഗ് ഉത്പ്പന്നങ്ങളും തയ്യാറാക്കുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങളിൽ നിന്ന് നിർമ്മിക്കുന്ന സാധാരണ പ്ലാസ്റ്റിക്കുകൾക്ക് പകരമായി, വീണ്ടും ഉത്പ്പാദിപ്പിക്കാൻ കഴിയുന്ന സസ്യവിഭവങ്ങളിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
ദൈനംദിന ആവശ്യങ്ങൾക്കുള്ള പ്ലാസ്റ്റിക് ബാഗുകൾക്കും മറ്റ് പാക്കേജിംഗ് വസ്തുക്കൾക്കും മികച്ചൊരു ബദൽ ഒരുക്കുന്നതിലൂടെ, ബഹ്റൈനിലെ വ്യവസായ മേഖലയ്ക്ക് പുതിയൊരു ദിശാബോധം നൽകാനും ഈ കേന്ദ്രത്തിന് സാധിക്കും. സാധാരണയായി വിപണിയിൽ കാണുന്ന ചില പ്ലാസ്റ്റിക്കുകളിൽ നിന്ന് വ്യത്യസ്തമായി, മണ്ണിലും പ്രകൃതിയിലും പൂർണ്ണമായും അലിഞ്ഞുചേരുന്ന ഉത്പ്പന്നങ്ങളാണ് തങ്ങൾ നിർമ്മിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദമെന്ന പേരിൽ ഇറങ്ങുന്ന എല്ലാ പ്ലാസ്റ്റിക്കുകളും പ്രകൃതിക്ക് ദോഷമില്ലാത്തവയല്ലെന്നിരിക്കെ, പൂർണ്ണമായും ജൈവരീതിയിൽ നശിച്ചുപോകുന്ന ഇത്തരം ഉത്പ്പന്നങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Content Highlights: Bahrain has opened its first dedicated bioplastics manufacturing facility in the Hidd Industrial Area. Operated by LalaPlast Bioplastics, the factory produces plant-based packaging materials using starch extracted from cassava roots, along with other biodegradable components.