ഡിജിറ്റൽ സേവനങ്ങളിൽ ആഗോള നേട്ടവുമായി ബഹ്‌റൈൻ; യുഎൻ സർവേയിൽ 14-ാം സ്ഥാനം

2024-ലെ സർവേയേക്കാൾ നാല് സ്ഥാനങ്ങൾ മുന്നേറിയ ബഹ്‌റൈൻ, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്തവണ സ്വന്തമാക്കിയത്

ഡിജിറ്റൽ സേവനങ്ങളിൽ ആഗോള നേട്ടവുമായി ബഹ്‌റൈൻ; യുഎൻ സർവേയിൽ 14-ാം സ്ഥാനം
bahrain
dot image

2026-ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് സർവേയിൽ ബഹ്‌റൈൻ കൈവരിച്ച മികച്ച നേട്ടങ്ങളെ ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രശംസിച്ചു. ആഗോളതലത്തിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 14-ാം റാങ്കിലെത്തിയ ബഹ്‌റൈനെ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പിന് കീഴിലുള്ള ഡിജിറ്റൽ ഗവൺമെന്റ് വിഭാഗം മേധാവി അഭിനന്ദിച്ചു. നഗരതലത്തിലുള്ള ഓൺലൈൻ സേവനങ്ങളിൽ തലസ്ഥാനമായ മനാമ ലോകത്ത് തന്നെ ഏറ്റവും ഉയർന്ന സ്കോർ നേടിയതും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘവീക്ഷണവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ നയങ്ങളുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഓൺലൈനായി ലഭ്യമാകുന്നതിന്റെ പ്രയോജനം രാജ്യത്തെ പൗരന്മാരും പ്രവാസികളും ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ നയങ്ങൾ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന സേവനങ്ങളാക്കി മാറ്റുന്നതിൽ ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ ജി എ) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അൽ ഖാഇദിന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ നിർണ്ണായകമായെന്നും അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ, ഡിജിറ്റൽ ഭരണരംഗത്ത് ബഹ്‌റൈൻ നേടിയ അറിവുകളും അനുഭവങ്ങളും മറ്റ് ഗൾഫ് രാജ്യങ്ങളുമായി പങ്കുവെക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഇത് മറ്റ് ഗൾഫ് രാജ്യങ്ങൾക്കും തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകും.

2024-ലെ സർവേയേക്കാൾ നാല് സ്ഥാനങ്ങൾ മുന്നേറിയ ബഹ്‌റൈൻ, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്തവണ സ്വന്തമാക്കിയത്. ഓൺലൈൻ സേവനങ്ങളിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനവും വാർത്താവിനിമയ അടിസ്ഥാന സൗകര്യങ്ങളിൽ നാലാം സ്ഥാനവും പൊതുജന പങ്കാളിത്തത്തിൽ ഒന്നാം സ്ഥാനവും ബഹ്‌റൈൻ നേടി. നഗരതലത്തിലുള്ള ഓൺലൈൻ സേവനങ്ങളിൽ മറ്റ് അഞ്ച് ലോകനഗരങ്ങൾക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട മനാമയുടെ നേട്ടം, സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലെത്തിക്കാനുള്ള രാജ്യത്തിന്റെ നിരന്തര ശ്രമങ്ങളുടെ വിജയമാണ്.

Content Highlights: Bahrain has secured 14th place globally in the United Nations E-Government Survey 2026, improving its position by four places compared to 2024. The country recorded an overall E-Government Development Index (EGDI) score of 0.9420. It also ranked ninth globally in the Online Services Index and fourth in the Telecommunications Infrastructure Index

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us