സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണം ക്രിമിനൽ കുറ്റമാക്കാൻ ബഹ്‌റൈൻ; നിർണ്ണായക ബിൽ നാളെ പാർലമെന്റിൽ

വ്യാജവാർത്തകളും അഭ്യൂഹങ്ങളും തടഞ്ഞ് രാജ്യത്തെ ഐക്യവും സാഹോദര്യവും സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് ബിൽ അവതരിപ്പിച്ച എംപിമാർ വ്യക്തമാക്കി

സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണം ക്രിമിനൽ കുറ്റമാക്കാൻ ബഹ്‌റൈൻ; നിർണ്ണായക ബിൽ നാളെ പാർലമെന്റിൽ
bahrian parliament
dot image

ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഓൺലൈൻ മാധ്യമങ്ങളിലൂടെയും വിദ്വേഷ പ്രചാരണം നടത്തുന്നത് ക്രിമിനൽ കുറ്റമാക്കാനുള്ള ബില്ലിന് പാർലമെന്ററി സമിതിയുടെ പിന്തുണ. ഇന്റർനെറ്റും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് രാജ്യദ്രോഹം, വിദ്വേഷം, വംശീയത, മതവിഭാഗീയത എന്നിവ പ്രോത്സാഹിപ്പിക്കുന്നവർക്ക് കർശനമായ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനം ഈ ബിൽ പരിഗണിക്കും.

രാജ്യത്തെ നിലവിലുള്ള ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിനാണ് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഏകകണ്ഠമായി അംഗീകാരം നൽകാൻ ശുപാർശ ചെയ്തത്. വെബ്സൈറ്റുകൾ വഴിയോ മറ്റ് ഓൺലൈൻ സംവിധാനങ്ങൾ വഴിയോ വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിച്ച് രാജ്യത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നാല് എംപിമാർ ചേർന്നാണ് ഈ നിയമഭേദഗതി നിർദ്ദേശം മുന്നോട്ടുവെച്ചത്.

വ്യാജവാർത്തകളും അഭ്യൂഹങ്ങളും തടഞ്ഞ് രാജ്യത്തെ ഐക്യവും സാഹോദര്യവും സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് ബിൽ അവതരിപ്പിച്ച എംപിമാർ വ്യക്തമാക്കി. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ നിലവിലുള്ള ശിക്ഷാനിയമത്തിലും സൈബർ കുറ്റകൃത്യ നിയമത്തിലും ആവശ്യമായ വ്യവസ്ഥകൾ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. നിലവിലെ നിയമങ്ങൾ തന്നെ ഇതിന് പര്യാപ്തമാണെന്ന് നീതിന്യായ മന്ത്രാലയവും അഭിപ്രായപ്പെട്ടു.

നിയമലംഘനങ്ങൾ എന്തൊക്കെയാണെന്ന് കൂടുതൽ വ്യക്തമായി നിർവചിക്കണമെന്നും പുതിയ നിയമം സാധാരണക്കാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകരുതെന്നും ദേശീയ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് നിയമകാര്യ സമിതിയും സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ തീരുമാനം ഈ നിയമനിർമ്മാണത്തിൽ നിർണ്ണായകമാകും.

Content Highlights: Bahrain's Parliament is scheduled to discuss and vote on a proposed bill on Tuesday, November 24, 2026, seeking to criminalise the promotion of hatred, racism and sectarianism through digital platforms. The proposal aims to amend the country's 1976 Penal Code by adding Article 172 bis. It would cover people who create or manage websites or publish digital content that could threaten national unity, social peace or public order.

dot image
To advertise here,contact us
dot image