

ബഹ്‌റൈനിലെ സ്വകാര്യ മേഖലയിലെ രാത്രി ഷിഫ്റ്റിലും ഓൺ-കോൾ ഡ്യൂട്ടിയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ കുറഞ്ഞത് 10 ശതമാനം അലവൻസ് നൽകാനുള്ള നിയമഭേദഗതി നിർദേശത്തിന് പാർലമെന്റിന്റെ ഏകകണ്ഠമായ അംഗീകാരം. തുടർനടപടികൾക്കായി നിർദേശം സർക്കാരിന് കൈമാറി.
ആറുമാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട കരട് നിയമം തയ്യാറാക്കണമെന്നാണ് റിപ്പോർട്ട്. നിലവിലെ തൊഴിൽ നിയമത്തിൽ രാത്രി ഷിഫ്റ്റ് ഉൾപ്പെടെയുള്ള പ്രത്യേക ജോലി സാഹചര്യങ്ങളിൽ അലവൻസ് നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും കുറഞ്ഞ നിരക്ക് വ്യക്തമാക്കിയിട്ടില്ല. പുതിയ ഭേദഗതി നിയമമാകുന്നതോടെ അർഹരായ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനത്തിൽ കുറയാത്ത തുക അലവൻസായി ലഭിക്കും. ജോലിയുടെ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ച് ഇതിലും ഉയർന്ന തുക നൽകാനും തൊഴിലുടമകൾക്ക് സാധിക്കും.
രാത്രി ജോലി ജീവനക്കാരുടെ ആരോഗ്യത്തെയും കുടുംബ-സാമൂഹിക ജീവിതത്തെയും ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സാമ്പത്തിക ആനുകൂല്യം ഉറപ്പാക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. അതേസമയം നിർദേശത്തോട് തൊഴിൽ മന്ത്രാലയവും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത വർധിക്കുമെന്നായിരുന്നു അവരുടെ വാദം. എന്നാൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ട്രേഡ് യൂണിയൻ ജനറൽ ഫെഡറേഷൻ നിർദേശത്തെ പിന്തുണച്ചിരുന്നു.
Content Highlights: Bahrain's parliament has approved a 10% allowance for private sector employees working night shifts to provide additional financial benefits.