

ഷെൻഷെൻ: ആഗോള രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ തീർത്ത് അമേരിക്ക, റഷ്യ, ചൈന എന്നീ വൻശക്തികളുടെ ചരിത്രപരമായ ത്രികക്ഷി ഉച്ചകോടി. ചൈനയിലെ ഷെൻഷെനിൽ നടന്ന എപെക് ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഒന്നര മണിക്കൂർ നീണ്ട നിർണ്ണായക കൂടിക്കാഴ്ച നടത്തിയത്. ചർച്ചയ്ക്ക് ശേഷം മൂന്ന് രാജ്യങ്ങളും ചേർന്ന് 'സംയുക്ത സമാധാന പ്രഖ്യാപനം' നടത്തി.
ആണവയുദ്ധത്തിൽ ആർക്കും വിജയിക്കാനാകില്ലെന്നും അത് ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നും മൂന്ന് നേതാക്കളും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആണവ വ്യാപനം തടയാനും ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കാനും തുടർചർച്ചകൾ നടത്തും. ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിതരണവും വർദ്ധിപ്പിക്കാൻ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു.
ഇതിനുപുറമെ, ആഗോള വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്ട്രസഭ പരിഷ്കരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രഖ്യാപനത്തിലുണ്ട്. രാഷ്ട്രത്തലവന്മാരുടെയും ഉദ്യോഗസ്ഥരുടെയും നിയമപരിരക്ഷ സംബന്ധിച്ച വിഷയവും പ്രസ്താവനയിൽ ഇടംപിടിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയും സമാന സ്ഥാപനങ്ങളും തങ്ങളുടെ അധികാരപരിധി ദുരുപയോഗം ചെയ്യരുതെന്ന് മൂന്ന് നേതാക്കളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
ത്രികക്ഷി ചർച്ചയ്ക്ക് മുൻപ് ട്രംപ് പുടിനുമായും ഷി ജിൻപിങുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. 2025 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ട്രംപും പുടിനും നേരിൽ കാണുന്നത്. പുടിനെ തന്‍റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ട്രംപ്, തങ്ങൾ തമ്മിൽ വർഷങ്ങളായി മികച്ച ബന്ധമാണുള്ളതെന്നും പറഞ്ഞു. ചൈനയുമായുള്ള സാമ്പത്തിക ബന്ധത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വലിയ പുരോഗതിയുണ്ടായതായും ഷി ജിൻപിങുമായുള്ള ബന്ധം വളരെ പ്രത്യേകതയുള്ളതാണെന്നും ട്രംപ് പ്രതികരിച്ചു.

വൻശക്തികൾ തമ്മിലുള്ള ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഷി ജിൻപിങ് ചർച്ചയിൽ പറഞ്ഞു. ചർച്ചയ്ക്ക് മുൻകൈയെടുത്തത് പുടിനാണെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഒറ്റപ്പെടുത്താൻ ശ്രമിച്ച പുടിന്, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുത്ത അന്താരാഷ്ട്ര വേദിയിൽ ട്രംപിനൊപ്പം എത്താനായത് വലിയ നയതന്ത്ര വിജയമായാണ് റഷ്യൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
മറ്റ് രാജ്യങ്ങളിലേക്ക് ആണവായുധങ്ങൾ വ്യാപിക്കുന്നത് തടയാൻ മൂന്ന് രാജ്യങ്ങളും സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ തങ്ങൾ ചെയ്യുന്നത് അതാണെന്നും, ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പുടിനുമായി ദീർഘനേരം ചർച്ച നടത്തിയതായും യുദ്ധം അവസാനിക്കാൻ പുടിൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുക്രെയ്‌നും യൂറോപ്പും വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ പുട്ടിൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളെ ചർച്ചയ്ക്കായി മോസ്കോയിലേക്ക് ക്ഷണിച്ചതായും അറിയിച്ചു. അതേസമയം, ചൈനയിൽ വെച്ച് പുട്ടിൻ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം തുടരുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന പാലത്തിന് നേരെ ചൊവ്വാഴ്ച യുക്രെയ്ൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിന് 'അതിലും വേദനാജനകമായ' തിരിച്ചടി നൽകുമെന്ന് ഷെൻഷെനിൽ വെച്ച് പുട്ടിൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Content Highlights: US President Donald Trump, Russian President Vladimir Putin and Chinese President Xi Jinping reportedly held a historic trilateral meeting in Shenzhen, discussing nuclear arms control, global security and the Ukraine war.