

ബഹ്റൈനിലെ മത്സ്യ മാർക്കറ്റുകളിൽ പ്രവാസി തൊഴിലാളികൾ മത്സ്യം വിൽക്കുന്നത് നിയന്ത്രിക്കാനും സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിർദ്ദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ പരിശോധിക്കുന്നു. ലൈസൻസില്ലാത്ത കച്ചവടം തടയുന്നതിനൊപ്പം പ്രാദേശിക വ്യാപാരികളുടെ ഉപജീവനമാർഗം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ സാമ്പത്തിക, നിയമകാര്യ സമിതിയാണ് നിർദ്ദേശം പഠിക്കുന്നത്. മത്സ്യവിൽപ്പനയ്ക്കായി സ്വദേശികൾക്ക് എത്ര സ്റ്റാളുകൾ ലഭ്യമാണെന്നും കൂടുതൽ ബഹ്റൈനികളെ ഈ മേഖലയിലേക്ക് എത്തിക്കുന്നതിന് തടസ്സമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കുമെന്ന് സമിതി ചെയർമാൻ അബ്ദുൽഖാദർ മഹ്മൂദ് അറിയിച്ചു. മത്സ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കുമ്പോൾ ബഹ്റൈൻ പൗരന്മാർക്ക് മുൻഗണന നൽകുക, വിദേശ തൊഴിലാളികൾ വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നത് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാർലമെന്റ് അംഗങ്ങളുടെ നിർദ്ദേശത്തിലുള്ളത്. തെരുവുകളിലും അംഗീകൃത മാർക്കറ്റുകൾക്ക് പുറത്തും നടക്കുന്ന അനധികൃത മത്സ്യവിൽപ്പന തടയാൻ പരിശോധന ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യവിപണന രംഗത്തേക്ക് കടന്നുവരാൻ താൽപ്പര്യമുള്ള സ്വദേശികൾക്കായി മാർക്കറ്റുകളിൽ കൂടുതൽ സ്റ്റാളുകൾ മാറ്റിവെക്കാനും നിയമലംഘനങ്ങൾ കണ്ടെത്താൻ തുടർച്ചയായ പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ട്. മുനിസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രാലയം കൗൺസിലിന്റെ അഭിപ്രായം തേടിയതിനെ തുടർന്നാണ് സമിതി വിഷയം പരിശോധിക്കുന്നത്. മത്സ്യവിപണനം ബഹ്റൈന്റെ സമുദ്ര പാരമ്പര്യവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയാണെന്നും നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണെന്നും എം പിമാർ ചൂണ്ടിക്കാട്ടി. എന്നാൽ നിർദ്ദേശത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Content Highlights: Bahrain is considering a proposal to give local citizens priority in fish sales at markets, with possible restrictions on expatriate workers.