

എട്ടാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ പുതുക്കിയ തീയതികൾ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. 2026 നവംബർ 18 മുതൽ 20 വരെ സാഖിർ എയർബേസിൽ നടത്താൻ നിശ്ചയിച്ചിരുന്ന എയർഷോ, 2028 നവംബർ 15 മുതൽ 17 വരെയുള്ള തീയതികളിലേക്കാണ് മാറ്റിവെച്ചത്.
കൂടുതൽ രാജ്യങ്ങളുടെയും അന്താരാഷ്ട്ര വ്യോമയാന കമ്പനികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീയതികളിൽ മാറ്റം വരുത്തിയതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ സമയമാറ്റം സന്ദർശകർക്കും പ്രദർശകർക്കും വ്യോമയാന വ്യവസായ മേഖലയിലെ മറ്റ് പങ്കാളികൾക്കും എയർഷോയിലെ പുതിയ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സഹായകമാകുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
2010-ൽ ആരംഭിച്ച ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ വളരെ വേഗത്തിലാണ് ആഗോള വ്യോമയാന മേഖലയിലെ പ്രധാന പ്രദർശനങ്ങളിലൊന്നായി മാറിയത്. ലോകോത്തര വിമാന നിർമാതാക്കൾ, പ്രമുഖ വ്യോമയാന കമ്പനികൾ, പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങൾ, സർക്കാർ പ്രതിനിധികൾ, വ്യവസായ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തമാണ് ഈ എയർഷോയുടെ പ്രധാന ആകർഷണം.
2028-ൽ നടക്കുന്ന എയർഷോ വൻ വിജയമാക്കുന്നതിനായി വിവിധ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചുള്ള മുന്നൊരുക്കങ്ങൾ ഇപ്പോൾ തന്നെ പുരോഗമിക്കുകയാണെന്നും സംഘാടക സമിതി അറിയിച്ചു.
Content Highlights: The eighth Bahrain Airshow has been postponed to 2028, with organisers announcing new dates for the event. The Bahrain Airshow is a major international aviation event that brings together aerospace companies, industry professionals and aviation enthusiasts.