

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. റിഫാ പാലസിൽ സ്ഥാനമൊഴിയുന്ന ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന ബന്ധം വിവിധ മേഖലകളിലെ സജീവമായ ഇടപെടലുകളിലൂടെ കൂടുതൽ ദൃഢമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഊഷ്മളമായ സൗഹൃദവും ബഹ്റൈന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെയും കിരീടാവകാശി യോഗത്തിൽ പ്രത്യേകമായി അഭിനന്ദിച്ചു. രാജ്യത്തിന്റെ വികസനത്തിൽ പ്രവാസി ഭാരതീയർ നൽകുന്ന പിന്തുണ എന്നും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾക്ക് പുറമെ നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ഉൾപ്പെടെയുള്ള രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: Bahrain's Prime Minister held a meeting with the Indian Ambassador as part of efforts to further strengthen bilateral relations. The discussions focused on enhancing cooperation and deepening the longstanding ties between India and Bahrain.