

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി ഇന്റിഗോ വിമാനം. ലഖ്‌നൗവിൽ നിന്ന് ദമാമിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ഇൻഡിഗോ 6ഇ97 വിമാനമാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ വൈകിട്ട് 5:45 മണിയോടെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയെന്നാണ് അധികൃതര്‍ അറിയിച്ചത്.
വിമാനത്തിലെ ക്രൂ അംഗം ഒരു പേപ്പര്‍ കഷ്ണത്തില്‍ ബോംബ് എന്ന് എഴുതിയിരിക്കുന്നത് കണ്ടതാണ് വിമാനം തിരിച്ചിറക്കാന്‍ വഴിവെച്ചത്. 107 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലോക്കല്‍ പൊലീസിന്റെയും സിഐഎസ്എഫിന്റെയും നേതൃത്വത്തിലാണ് വിമാനത്തില്‍ തിരച്ചില്‍ നടന്നത്.
ഓഗസ്റ്റ് 31-ന് ദമാമില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് 32 യാത്രക്കാരുമായി പോവുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശം എഴുതിയ ഒരു ടിഷ്യൂ പേപ്പര്‍ ജീവനക്കാരിലൊരാള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അതും അടിയന്തര ലാൻഡിങ് നടത്തിയത്. എന്നാല്‍ അതൊരു വ്യാജ സന്ദേശമാണെന്ന് പിന്നീട് തെളിഞ്ഞു.
Content Highlights: An IndiGo flight travelling from Lucknow to Dammam made an emergency landing at Ahmedabad’s Sardar Vallabhbhai Patel International Airport following a bomb threat. Flight 6E97 landed at around 5:45 pm, after which passengers and crew were safely evacuated. Police said no suspicious object was found during the subsequent checks.