എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം റദ്ദാക്കലിനെതിരെ കേന്ദ്ര ഇടപെടണം; ആവശ്യവുമായി പ്രവാസി വെൽഫെയർ

ഗൾഫ് മേഖലയിലെ അവധിക്കാലങ്ങളിൽ പ്രവാസികളുടെ യാത്രാവശ്യം മുൻനിർത്തി കൂടുതൽ വിമാന സർവീസുകൾ അനുവദിക്കണമെന്നും പ്രവാസി വെൽഫെയർ

എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം റദ്ദാക്കലിനെതിരെ കേന്ദ്ര ഇടപെടണം; ആവശ്യവുമായി പ്രവാസി വെൽഫെയർ
dot image

ബഹ്റൈൻ-ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് കത്തയച്ചു. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന രൂക്ഷമായ യാത്രാ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ കേന്ദ്രമന്ത്രിക്ക് നിവേദനം അയച്ചത്.

അവധിക്കാലങ്ങളിലും തിരക്കേറിയ പീക്ക് സീസണുകളിലും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ വലിയ സാമ്പത്തിക ബാധ്യതയിലേക്കും മാനസിക സമ്മർദ്ദത്തിലേക്കുമാണ് തള്ളിവിടുന്നത്. രണ്ട്, മൂന്നും വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാകുന്നു. അടിയന്തരമായി ബദൽ ടിക്കറ്റുകൾ എടുക്കേണ്ടി വരുമ്പോൾ മറ്റ് വിമാനക്കമ്പനികൾ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്.

മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം ചെറിയ തടസ്സങ്ങൾ ഉണ്ടാകാമെങ്കിലും മറ്റ് എയർലൈനുകൾ സർവീസ് തുടരുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നത് ദുരൂഹമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. അതിനാൽ, ഈ റദ്ദാക്കലുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഡിജിസിഎ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യാത്രക്കാർക്ക് സമയബന്ധിതമായി മുൻകൂട്ടി അറിയിപ്പ് നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനം റദ്ദാകുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഉറപ്പാക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഗൾഫ് മേഖലയിലെ അവധിക്കാലങ്ങളിൽ പ്രവാസികളുടെ യാത്രാവശ്യം മുൻനിർത്തി കൂടുതൽ വിമാന സർവീസുകൾ അനുവദിക്കണം. ഇത് ഏതെങ്കിലും ഒരു എയർലൈനെതിരെയുള്ള പരാതിയല്ലെന്നും പ്രവാസികളായ സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനുള്ള അഭ്യർത്ഥനയാണെന്നും പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ കൂട്ടിച്ചേർത്തു.

Content Highlights: Expatriate Welfare has called for central government intervention over repeated Air India Express flight cancellations. The group raised concerns about passenger difficulties and demanded steps to address travel disruptions faced by expatriates.

dot image
To advertise here,contact us
dot image