

ബഹ്റൈനിൽ ചാരവൃത്തി, ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായവും പിന്തുണയും നൽകൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട എട്ട് പേർക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി വിവിധ കേസുകളിലായി 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. നാല് വ്യത്യസ്ത കേസുകളിലായി നൽകിയ വിധിയിലാണ് പ്രതികൾക്ക് കോടതി കഠിന തടവുശിക്ഷ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ദേശീയ താൽപ്പര്യങ്ങൾക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് വിധി പ്രസ്താവത്തിന് ശേഷം അധികൃതർ വ്യക്തമാക്കി.
ആദ്യ കേസിൽ, ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) വേണ്ടി ചാരവൃത്തി നടത്തിയതായി കണ്ടെത്തിയ രണ്ട് പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ലഭിക്കുകയും തുടർന്ന് ജീവപര്യന്തം തടവിനൊപ്പം ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിടുകയും ചെയ്തു.
രണ്ടാമത്തെ കേസിൽ, ഇറാനിയൻ ഭീകരവാദ അനുകൂല നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളും നിരോധിത വിവരങ്ങളും പങ്കുവെക്കുകയും ചെയ്ത പ്രതികൾക്ക് 10 വർഷം വീതം തടവും 5,000 ബഹ്റൈനി ദീനാർ പിഴയും വിധിച്ചു. രാജ്യത്തിന്റെ സുരക്ഷ തകർക്കുന്ന രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മറ്റ് രണ്ട് കേസുകളിലായി, ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചതിനുമായി മൂന്ന് പ്രതികൾക്ക് 15 വർഷം വീതം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഇവരിൽ രണ്ട് പേർ 2,000 ബഹ്റൈനി ദീനാർ വീതം പിഴയടയ്ക്കണം. ഭീകരവാദ സംഘടനകൾക്ക് ഫണ്ട് കൈമാറുന്നതിലും സാമ്പത്തിക സഹായം എത്തിക്കുന്നതിലും ഇവർ പ്രധാന പങ്കുവഹിച്ചതായി തെളിഞ്ഞു. പ്രതികൾക്ക് പൂർണ്ണമായ നിയമസഹായവും അഭിഭാഷകരുടെ സേവനവും ഉറപ്പാക്കിയ ശേഷമാണ് കോടതി വിധി പ്രസ്താവം നടത്തിയത്.
Content Highlights: A Bahrain court has sentenced eight people to severe prison terms in a security-related case involving allegations of spying for Iran and supporting terrorism activities. The verdict was issued after legal proceedings related to national security concerns.