

കാൽ നൂറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇകെ സലീമിന് ബഹ്‌റൈനിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. കേരള കാത്തലിക് അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസ ലോകത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ ആമുഖപ്രസംഗം നടത്തി. ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ തുടക്കത്തിനായി ഇ.കെ. സലീം നടത്തിയ പ്രവർത്തനങ്ങൾ വെറുമൊരു സേവനത്തിനപ്പുറം സമൂഹത്തെ ചേർത്തുപിടിക്കാനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു.
വിവിധ എതിർപ്പുകളെ മറികടന്ന്, ഏറ്റവും കൂടുതൽ ആളുകളെ പങ്കാളികളാക്കി ഒപ്പുശേഖരണം നടത്തിയാണ് ബജറ്റ് എയർലൈൻ എന്ന സ്വപ്നം ഇകെ സലീം സാധ്യമാക്കിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു. അതിൽ പങ്കാളിയാകാൻ കഴിഞ്ഞത് കെസിഎക്ക് അഭിമാനകരമായ ഓർമ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇകെ സലീമിനെ പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് ബിഎഫ്സി മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രവീൺകുമാറും ദീർഘകാല പ്രവാസിയായ ബെന്നി സക്കറിയയും ചേർന്ന് സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറത്തിനുവേണ്ടി അദ്ദേഹത്തിന് ഉപഹാരം കൈമാറി.
Content Highlights: Social worker E K Saleem received a farewell as he concludes his 25-year expatriate life. He was recognised for his contributions to the expatriate community and social activities during his years abroad.