സമ്പൂർണ്ണമായി ഡിജിറ്റലാകാൻ ബഹ്റൈൻ; 2027ഓടെ എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനാകും

സർക്കാർ സേവനങ്ങളുടെ ഏകീകൃത കേന്ദ്രമായി 'മൈഗവ് ബഹ്റൈൻ' പ്ലാറ്റ്‌ഫോമിനെ വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്

സമ്പൂർണ്ണമായി ഡിജിറ്റലാകാൻ ബഹ്റൈൻ; 2027ഓടെ എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനാകും
dot image

രാജ്യത്തെ എല്ലാ സർക്കാർ സേവനങ്ങളും 2027 അവസാനത്തോടെ പൂർണ്ണമായും ഡിജിറ്റലാക്കാനൊരുങ്ങി ബഹ്റൈൻ. നിലവിൽ 95 ശതമാനം സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭ്യമാണെന്നും പൂർണ്ണമായ ഇ-ഗവേണൻസ് കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഇ-ട്രാൻസ്ഫോർമേഷൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലി ജനാഹി അറിയിച്ചു. ഒമ്പതാമത് ബഹ്റൈൻ സ്മാർട്ട് സിറ്റീസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നിലവിൽ 850-ലധികം സർക്കാർ സേവനങ്ങൾ രാജ്യത്ത് ഡിജിറ്റലായി ലഭ്യമാണ്. ഫിംഗർപ്രിന്റ് പരിശോധനയോ നിയമപരമായ മറ്റ് ആവശ്യങ്ങളോ ഉള്ളതിനാൽ നേരിട്ട് ഹാജരാകേണ്ടി വരുന്ന വളരെ കുറച്ചു സേവനങ്ങൾ മാത്രമാണ് ഇനി ഓൺലൈൻ ആകാനുള്ളത്.'' വിപുലമായ ബയോമെട്രിക് സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതോടെ ഈ തടസ്സങ്ങളും ഉടൻ പരിഹരിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാർ സേവനങ്ങളുടെ ഏകീകൃത കേന്ദ്രമായി 'മൈഗവ് ബഹ്റൈൻ' പ്ലാറ്റ്‌ഫോമിനെ വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള ഏഴ് പ്രധാന സർക്കാർ ആപ്ലിക്കേഷനുകളെ സംയോജിപ്പിച്ച് ഒരൊറ്റ സ്മാർട്ട് ആപ്പാക്കി മാറ്റാനാണ് പദ്ധതി. ഇതിലൂടെ പൗരന്മാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരിടത്ത് നിന്ന് എളുപ്പത്തിൽ ലഭ്യമാകും. സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സർക്കാർ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും കൃത്രിമബുദ്ധി അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റുകളെയും ഉടൻ അവതരിപ്പിക്കും.

അതേസമയം, 'ഇ-കീ 2.0' ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തിലൂടെ ബഹ്റൈൻ പൗരന്മാർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് ഔദ്യോഗിക തിരിച്ചറിയൽ രേഖകളും ഡ്രൈവിംഗ് ലൈസൻസും നിലവിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യയുടെ കരുത്തിൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ക്രോസ്-ബോർഡർ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്നതിൽ ബഹ്റൈന് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും അലി ജനാഹി കൂട്ടിച്ചേർത്തു.

Content Highlights: Bahrain has announced plans to digitize all government services by 2027 as part of its digital transformation strategy. The initiative aims to improve service delivery, streamline government processes, and provide faster, more accessible online services for citizens and residents.

dot image
To advertise here,contact us
dot image