

ബഹ്റൈൻ രാജ്യത്തോടും ഭരണനേതൃത്വത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ബഹ്റൈൻ സിഗ്‌നേച്ചർ ക്യാമ്പയിൻ (ഒപ്പുശേഖരണം) സംഘടിപ്പിച്ചു. ക്യാപിറ്റൽ കമ്മ്യൂണിറ്റി സെന്ററുമായി സഹകരിച്ചാണ് സമസ്ത ബഹ്റൈൻ ഈ പരിപാടി നടത്തിയത്. വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ ജനങ്ങളോട് ഭരണാധികാരികൾ പുലർത്തുന്ന സഹവർത്തിത്വത്തിനുള്ള നന്ദി സൂചകമായും ബഹ്റൈൻ ഗവൺമെന്റിനോടുള്ള മലയാളി സമൂഹത്തിന്റെ അചഞ്ചലമായ വിശ്വസ്തതയും പിന്തുണയും പ്രകടിപ്പിക്കുന്നതിനുമാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറും മനാമ എംപിയുമായ ശൈഖ് അഹമ്മദ് അൽ വാഹിദ് അൽ ഖറാത്തയുടെ മനാമയിലുള്ള ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങ് നടന്നത്. സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വികെ കുഞ്ഞഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി എസ്എം അബ്ദുൽ വാഹിദും ചേർന്ന് ക്യാമ്പയിന് തുടക്കം കുറിച്ചു.
പ്രവാസികൾക്ക് സുരക്ഷിതവും ക്ഷേമകരവുമായ ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലും സമാധാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ബഹ്റൈൻ ഭരണകൂടം കാണിക്കുന്ന കരുതലിനെ ചടങ്ങിൽ നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു. ഒപ്പം, രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന ഏത് നീക്കങ്ങളെയും നേരിടുന്നതിന് ഭരണകൂടം എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും മലയാളി സമൂഹത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ബഹ്റൈന്റെ പുരോഗതിക്കായി തുടർന്നും ആത്മാർത്ഥമായി സഹകരിക്കുമെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
Content Highlights: Samastha Bahrain has organized a signature campaign to convey solidarity with the Bahrain leadership. The initiative seeks to demonstrate the community's support for the Kingdom's continued progress, peace, and social cohesion.