ഓസ്ട്രിയക്കെതിരെ ചരിത്ര നേട്ടത്തിലേക്ക് മെസി; കാത്തിരിക്കുന്നത് മൂന്ന് വമ്പൻ റെക്കോർഡുകൾ

ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും

ഓസ്ട്രിയക്കെതിരെ ചരിത്ര നേട്ടത്തിലേക്ക് മെസി; കാത്തിരിക്കുന്നത് മൂന്ന് വമ്പൻ റെക്കോർഡുകൾ
dot image

ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും. ഈ മത്സരത്തിൽ അർജന്റൈൻ നായകൻ ലിയോണൽ മെസിയെ കാത്തിരിക്കുന്നത് ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാകാനുള്ള അവസരമടക്കം മൂന്ന് സുപ്രധാന റെക്കോർഡുകളാണ്.

അർജന്‍റീന ജേഴ്സിയിലെ തന്‍റെ 200-ാം മത്സരത്തിൽ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് നേടിയ 38-കാരനായ മെസി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ. ഇന്നത്തെ മത്സരത്തില്‍ മെയെ കാത്തിരിക്കുന്ന റെക്കോർഡുകൾ ഇവയാണ്.

നിലവിൽ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പം (16 ഗോളുകൾ) ഒന്നാം സ്ഥാനം പങ്കിടുകയാണ് മെസി. ഇന്ന് ഓസ്ട്രിയക്കെതിരെ ഒരു ഗോൾ കൂടി നേടാനായാൽ ക്ലോസെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസി മാറും.

കൂടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ക്ലോസെയുടെ റെക്കോർഡിനൊപ്പം (17 വിജയങ്ങൾ) എത്താനും അർജന്‍റീനയ്ക്ക് ജയിച്ചാൽ മെസിക്ക് സാധിക്കും.

നിലവിൽ തുടർച്ചയായി അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിച്ചിട്ടുണ്ട് മെസി. ഇന്ന് ഓസ്ട്രിയൻ വലയിലും പന്തെത്തിക്കാൻ കഴിഞ്ഞാൽ തുടർച്ചയായി 6 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ ഫ്രാൻസിന്‍റെ ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്‍റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പം മെസിയെത്തും.

ഇന്ന് പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു കിടിലൻ ലോങ് റേഞ്ചർ ഗോളാണ് മെസി നേടുന്നതെങ്കിൽ, ലോകകപ്പ് ചരിത്രത്തിൽ ബോക്സിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാകും. നിലവിൽ അഞ്ച് ലോങ് റേഞ്ച് ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.

Content highlight: lionel-messi-records-argentina-vs-austria-world-cup-2026

dot image
To advertise here,contact us
dot image