

ഒരു ഫോൺ കോൾ ജീവിതം മാറ്റിമറിക്കുമെന്നത് പലപ്പോഴും കേൾക്കുന്ന കാര്യമാണ്. എന്നാൽ ഒരു വാട്‌സ്ആപ്പ് കോൾ ഒരു കമ്പനിയുടെ ഭാവിയും ഒരു സംരംഭകന്റെ കരിയറും ഒരേസമയം പുതിയ വഴിയിലേക്ക് തിരിക്കുമെന്നതിന് ഉദാഹരണമായി മാറുകയാണ് കുനാൽ ഷായുടെ പുതിയ തീരുമാനം. ഇന്ത്യൻ ഫിൻടെക് രംഗത്തെ പ്രമുഖ കമ്പനിയായ CRED-ന്റെ സ്ഥാപകനായ കുനാൽ ഷാ, മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ്.
ഇതോടൊപ്പം ക്രെഡിൽ 900 മില്യൺ ഡോളറിന്റെ (ഏകദേശം 7,700 കോടി) വമ്പൻ നിക്ഷേപം നടത്താനും മെറ്റ തീരുമാനിച്ചിരിക്കുകയാണ്. 2018-ൽ ആരംഭിച്ച ക്രെഡ്, ക്രെഡിറ്റ് കാർഡ് ബിൽ സമയത്ത് അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് റിവാർഡുകൾ നൽകുന്ന പ്ലാറ്റ്ഫോമായി തുടക്കം കുറിച്ചെങ്കിലും പിന്നീട് വായ്പ, ഇൻഷുറൻസ്, സമ്പത്ത് മാനേജ്മെന്റ് തുടങ്ങി നിരവധി സാമ്പത്തിക സേവനങ്ങളിലേക്ക് വ്യാപിച്ചു. ഇന്ന് ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെ കൈവശം വച്ചിരിക്കുന്ന കമ്പനി രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ഫിൻടെക് സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്.
കുനാൽ ഷായുടെ നേതൃത്വത്തിൽ വളർന്ന ക്രെഡിൽ പുതിയ നിക്ഷേപം വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.
വാട്‌സ്ആപ്പിലേക്ക് കുനാൽ ഷാ മാറുന്നതോടെ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വസംവിധാനം നിലവിൽ വരും. നിലവിൽ കമ്പനിയുടെ സ്ട്രാറ്റജി, ഫിനാൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മിതൻ സമ്പത് ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കമ്പനിയുടെ ദീർഘകാല വളർച്ചാ പദ്ധതികൾക്ക് തടസ്സമുണ്ടാകില്ലെന്നും പുതിയ നിക്ഷേപം ഉൽപ്പന്ന വികസനത്തിനും വിപുലീകരണത്തിനും ഉപയോഗിക്കുമെന്നും സൂചനകളുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തിനും ഈ നീക്കം പ്രത്യേക പ്രാധാന്യമുള്ളതാണ്.
ഫ്രീചാർജ് സ്ഥാപിച്ച് അത് വിജയകരമായി വിറ്റശേഷം ക്രെഡ് രൂപീകരിച്ച കുനാൽ ഷാ, ഇന്ത്യൻ സംരംഭകത്വത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായി കണക്കാക്കപ്പെടുന്നു. അത്തരമൊരു ഇന്ത്യൻ സ്ഥാപകൻ ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പിന്റെ തലപ്പത്തേക്ക് എത്തുന്നത് ഇന്ത്യൻ ടെക് മേഖലയ്ക്ക് ആഗോള തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.
മെറ്റയുടെ നിക്ഷേപത്തോടെ ക്രെഡിന്റെ മൂല്യനിർണയം വീണ്ടും ശക്തിപ്പെടുമെന്നും കമ്പനിയുടെ അടുത്ത വളർച്ചാ ഘട്ടത്തിന് ഇത് വഴിയൊരുക്കുമെന്നും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ക്രെഡ് കമ്പനിയുടെ ഭാവിയും വാട്‌സ്ആപ്പിന്റെ പുതിയ ദിശയും ഇനി കുനാൽ ഷായുടെ നേതൃത്വത്തിൽ എങ്ങനെ ആയിരിക്കും പ്രവർത്തിക്കുക എന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
Content Highlights:WhatsApp gets Indian boss: Meta picks Cred founder Kunal Shah, pumps $900 million into his company too