

ബഹ്റൈനിൽ ജൂൺ 15 മുതൽ മധ്യാഹ്ന തൊഴിൽനിരോധനം ഏർപ്പെടുത്തും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഹോട്ട്‌ലൈൻ ഏർപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് തടവും കനത്ത പിഴയും നേരിടേണ്ടിവരും. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കാനാണ് നടപടി.
ബഹ്റൈനിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയം 2026-ലെ വാർഷിക വേനൽക്കാല മധ്യാഹ്ന തൊഴിൽനിരോധനം പ്രഖ്യാപിച്ചു. 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുന്ന നിയമ പ്രകാരം, ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തൊഴിലാളികളെ പുറംജോലികൾക്ക് നിയോഗിക്കുന്നത് തൊഴിലുടമകൾക്ക് വിലക്കിയിട്ടുണ്ട്. വേനൽക്കാലത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടും ഉയർന്ന ഈർപ്പവും മൂലം തൊഴിലാളികൾക്ക് ഉണ്ടാകാവുന്ന ചൂടേറ്റുള്ള ക്ഷീണം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
അടുത്ത ദിവസങ്ങളിൽ 43 ഡിഗ്രിക്ക് മുകളിൽ താപ നില എത്തിയിരുന്നു. തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേനൽക്കാലത്ത് സംഭവിക്കാവുന്ന തൊഴിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും ഈ തീരുമാനം സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മധ്യാഹ്ന തൊഴിൽനിരോധനവുമായി ബന്ധപ്പെട്ട പരാതികളും നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി 17873921 എന്ന ഹോട്ട്‌ലൈൻ നമ്പറും തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 4 വരെ ഫോൺ മുഖേന പരാതികൾ അറിയിക്കാം. ഇതേ നമ്പറിലേക്ക് വാട്സ്ആപ്പ് വഴിയും വിവരങ്ങൾ കൈമാറാവുന്നതാണ്.
തീരുമാനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2012-ലെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമം അനുസരിച്ച്, നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവോ 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം. ലംഘനത്തിൽ ബാധിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷയുടെ തോത് വർധിക്കുമെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ഇരട്ട ശിക്ഷ വരെ ലഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Bahrain will implement its annual midday outdoor work ban from June 15 to protect workers from extreme summer temperatures. Authorities have warned of strict penalties for employers who violate the rules.