കോഴിക്കോട് നിന്ന് കുവൈറ്റിലേക്കുള്ള പ്രവാസികൾക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; പ്രതിഷേധം ശക്തം

ആറുമാസത്തിലധികം നാട്ടിൽ കഴിഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ പത്ത് പേർക്ക് അനുമതി നിഷേധിച്ചത്.

കോഴിക്കോട് നിന്ന് കുവൈറ്റിലേക്കുള്ള പ്രവാസികൾക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; പ്രതിഷേധം ശക്തം
dot image

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള മടക്കയാത്രയ്ക്ക് എത്തിയ പത്ത് പ്രവാസികൾക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നു. യുദ്ധ സാഹചര്യത്തിൽ കുവൈറ്റ് സർക്കാർ അനുവദിച്ച ഇളവ് കാറ്റിൽ പറത്തികൊണ്ട് യാത്രക്കാർക്ക് അനുമതി നിഷേധിച്ച സംഭവം നിയമവിരുദ്ധവും നിരുത്തരവാദപരവുമാണെന്ന് സംഭവത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകൻ ശറഫുദ്ധീൻ കണ്ണെത്ത് പ്രതികരിച്ചു.

ആറുമാസത്തിലധികം നാട്ടിൽ കഴിഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ പത്ത് പേർക്ക് അനുമതി നിഷേധിച്ചത്. ആറ് മാസത്തിൽ അധികം കുവൈറ്റിന് പുറത്തു കഴിഞ്ഞാൽ വിസ സ്വമേധയാ റദ്ധാകും എന്നാണ് ചട്ടം. എന്നാൽ യുദ്ധ സാഹചര്യത്തിൽ കുവൈറ്റ് സർക്കാർ ഇതിനു ഇളവ് നൽകിയിരുന്നു. ഈ ഇളവ് കാറ്റിൽ പറത്തി കൊണ്ടാണ് എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ തിരിച്ചയച്ചത്. എന്നാൽ ഫെബ്രുവരി 28 വരെ നാട്ടിലുണ്ടായിരുന്ന പ്രവാസികൾക്ക് സാധാരണ അനുവദിക്കുന്ന ആറുമാസ കാലാവധിക്ക് പുറമെ മൂന്ന് മാസം അധിക ഇളവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകനും മെഡക്സ് മെഡിക്കൽ സെന്റർ സിഇഒയുമായ ശറഫുദ്ധീൻ കണ്ണെത്ത് വ്യക്തമാക്കി.

യാത്ര മുടങ്ങിയവരിൽ ചിലർ സഹായം തേടി തന്നെ ബന്ധപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി സംസാരിച്ചുവെന്നും കുവൈറ്റ് സർക്കാർ വിജ്ഞാപനത്തിലെ നിയമപരമായ കാര്യങ്ങൾ വിശദീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മെയ് 28 വരെയുള്ളവർക്ക് മാത്രമാണ് ഇളവ് ബാധകമെന്ന നിർദ്ദേശമാണ് തങ്ങൾക്ക് ലഭിച്ചതെന്നും പുതിയ സർക്കാർ നിർദ്ദേശം ഇ-മെയിൽ വഴി ലഭിച്ചാൽ മാത്രമേ യാത്ര അനുവദിക്കാനാകൂ എന്ന വിചിത്രമായ നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് കുവൈറ്റ് വിമാനത്താവള ഇമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വിമാനം പുറപ്പെട്ടിരുന്നു. പിന്നീട് ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനത്തിന്റെ പകർപ്പ് ശേഖരിച്ച് എയർ ഇന്ത്യ അധികൃതർക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവർ നാട്ടിലെത്തിയത്. സമാന സാഹചര്യത്തിലുള്ള നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റ് എയർവേയ്സും ജസീറ എയർവേയ്സും വഴി യാതൊരു തടസവുമില്ലാതെ കുവൈറ്റിലെത്തിയതായും ശറഫുദ്ധീൻ ചൂണ്ടിക്കാട്ടി. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുകയും മറ്റ് നഷ്ടപരിഹാരങ്ങളും നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം വിഷയം ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Content Highlights: A controversy has emerged after some expatriates traveling from Kozhikode to Kuwait were reportedly denied travel permission. The incident has triggered strong protests and demands for clarification from authorities.

dot image
To advertise here,contact us
dot image