

ബഹ്‌റൈനിൽ വേനൽച്ചൂട് വൻതോതിൽ വർദ്ധിക്കുന്നു. ഈ വാരത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തി. മുൻ ദിവസങ്ങളിൽ 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയായിരുന്ന താപനിലയാണ് ഒറ്റയടിക്ക് ഉയർന്നതെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലെ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസായിരുന്നു.
ഇന്ന് പ്രാദേശികമായി ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങിയത് കടുത്ത ചൂടിന് നേരിയ ആശ്വാസമായിട്ടുണ്ട്. ഇതോടെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഗൾഫ് മേഖലയിൽ വേനൽക്കാലത്തിന്റെ തുടക്കത്തിൽ അനുഭവപ്പെടാറുള്ള സാധാരണ പ്രതിഭാസമാണ് ഈ കാറ്റ്. ഇത് അന്തരീക്ഷ താപനില കുറയ്ക്കാൻ സഹായിക്കുമെങ്കിലും പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും കാരണമാകാറുണ്ട്.
താപനിലയിൽ നേരിയ കുറവുണ്ടായെങ്കിലും പകൽ സമയങ്ങളിൽ വരണ്ടതും ശക്തവുമായ കാറ്റോടുകൂടിയ ചൂടുള്ള കാലാവസ്ഥ തന്നെയായിരിക്കും. സമാനമായ കാലാവസ്ഥാ വ്യതിയാനം വാരാന്ത്യത്തിലും തുടരുമെന്നാണ് പ്രവചനം. അതിനാൽ തീരദേശവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. കടലിൽ തിരമാലകൾ തീരപ്രദേശങ്ങളിൽ 1 മുതൽ 3 അടി വരെയും ഉൾക്കടലിൽ 3 മുതൽ 6 അടി വരെയും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Authorities in Bahrain have warned residents as summer temperatures climb to 45°C. People have been advised to take necessary precautions to avoid heat-related illnesses during the extreme weather conditions.