

കടുത്ത വേനൽച്ചൂടിലും അബുദാബിയിലെ പാർക്കുകളിലൂടെ ഇനി പ്രവാസികൾക്കും സ്വദേശികൾക്കും സുഖമായി നടക്കാം. നഗരത്തിലെ പ്രധാന പാർക്കുകളിൽ അത്യാധുനിക എയർ കണ്ടീഷൻഡ് വാക്ക്‌വേകൾ, സജ്ജീകരിച്ചിരിക്കുകയാണ് അധികൃതർ. വേനൽക്കാലത്ത് മാളുകളിൽ മാത്രം ഒതുങ്ങിപ്പോകുന്ന പ്രവാസികളുടെ ഔട്ട്ഡോർ വ്യായാമങ്ങൾക്കും നടത്തത്തിനും വലിയ ആശ്വാസമാകുന്നതാണ് ഈ പുതിയ പദ്ധതി.
യുഎഇയിൽ മെയ് മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാലത്ത് കടുത്ത ചൂട് കാരണം ജനങ്ങൾ പൊതുവെ പുറത്തിറങ്ങി നടക്കാറില്ല. എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ നഗരത്തിലെ പാർക്കുകളിൽ എയർ കണ്ടീഷൻഡ് വോക്ക്‌വേകൾ ഒരുക്കിയിരിക്കുകയാണ് അബുദാബി നഗരസഭ. ഇതിൽ ഏറ്റവും പുതിയതാണ് 62,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നവീകരിച്ച ഖാലിദിയ പാർക്ക്. സ്പോർട്സ് കോർട്ടുകൾക്കും ശാന്തമായ പൂന്തോട്ടങ്ങൾക്കും നടുവിലൂടെ പോകുന്ന 660 മീറ്റർ നീളമുള്ള എസി നടപ്പാതയാണ് ഇവിടെ പുതുതായി ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഏറ്റവും പഴക്കമേറിയ ഈ പാർക്കിൽ ഇനി ഏത് മാസത്തിലും ആളുകൾക്ക് സുഖമായി വൈകുന്നേരങ്ങളിൽ നടക്കാനാകും.
അൽ മുഷ്‌രിഫിൽ പുതുതായി ആരംഭിച്ച കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പാർക്കിലാണ് മറ്റൊന്ന് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഏകദേശം 700 മീറ്റർ നീളത്തിലാണ് എസി വാക്ക്‌വേ ഉള്ളത്. ആയിരത്തിലധികം ഗാഫ് മരങ്ങൾ നിറഞ്ഞ ഈ പാർക്കിൽ സൈക്കിൾ ട്രാക്ക്, യോഗ ഡെക്കുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവയ്ക്ക് പുറമെ പ്രത്യേക ഫിറ്റ്‌നസ് സോണുകളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ തണുപ്പിച്ച ഔട്ട്ഡോർ ടെറസുള്ള ഒരു കഫേയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അബുദാബിയിൽ ഇത്തരം എസി നടപ്പാതകൾക്ക് തുടക്കമിട്ടത് അൽ മമൂറയിലാണ്. കഫേകൾക്കും ഓഫീസുകൾക്കും ഇടയിലൂടെ കടന്നുപോകുന്ന ഈ പൈലറ്റ് പ്രോജക്റ്റിൽ വർഷം മുഴുവൻ 24 ഡിഗ്രി സെൽഷ്യസ് താപനിലയാണ് നിലനിർത്തുന്നത്. ഈ പരീക്ഷണം വിജയകരമായതോടെയാണ് പദ്ധതി വലിയ പാർക്കുകളിലേക്ക് കൂടി അധികൃതർ വ്യാപിപ്പിച്ചത്. വേനൽക്കാലത്തും പ്രകൃതിയോട് ഇണങ്ങിനിന്ന് വ്യായാമം ചെയ്യാനും സജീവമായിരിക്കാനും ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും താമസക്കാർക്കും വലിയൊരു ബദൽ മാർഗ്ഗമാണ് അബുദാബിയിലെ ഈ പുതിയ എസി പാർക്കുകൾ സമ്മാനിക്കുന്നത്.
Content Highlights: In a move to help residents stay comfortable during the scorching summer, Abu Dhabi is introducing air-conditioned walkways in parks, enhancing outdoor accessibility and recreation.