സമാധാന ശ്രമങ്ങൾക്ക് ഒന്നിച്ച് നിൽക്കണം; യുഎൻ യോ​ഗത്തിൽ ശക്തമായ നിലപാടുമായി ബഹ്റൈൻ

ലോക സമാധാനത്തിനായി രക്ഷാസമിതി കൂടുതൽ സജീവമാകണമെന്ന് ബഹ്റൈൻ പ്രതികരിച്ചു

സമാധാന ശ്രമങ്ങൾക്ക് ഒന്നിച്ച് നിൽക്കണം; യുഎൻ യോ​ഗത്തിൽ ശക്തമായ നിലപാടുമായി ബഹ്റൈൻ
dot image

ന്യൂയോർക്കിൽ യുഎൻ ഉന്നതതല യോഗത്തിൽ സമാധാനത്തിനും കൂട്ടായ ഉത്തരവാദിത്തത്തിനുമായി ശക്തമായ നിലപാടെടുത്ത് ബഹ്റൈൻ. ഇറാൻ ഭീഷണിയും ഹോർമുസ് പ്രതിസന്ധിയും യോ​ഗത്തിൽ ചർച്ചയായി. ലോക സമാധാനത്തിനായി രക്ഷാസമിതി കൂടുതൽ സജീവമാകണമെന്ന് ബഹ്റൈൻ പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ നടന്ന യുഎൻ രക്ഷാസമിതിയുടെ ഉന്നതതല യോഗത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസിന്റെയും ആഗോള നേതാക്കളുടെയും സാന്നിധ്യത്തിൽ സംസാരിച്ച ഡോ. അൽ സയാനി, പരമാധികാര സംരക്ഷണം, ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ ഒഴിവാക്കൽ, സമാധാനപരമായ തർക്കപരിഹാരം എന്നീ യുഎൻ അടിസ്ഥാന തത്വങ്ങളോടുള്ള ബഹ്റൈന്റെ പ്രതിബദ്ധത ആവർത്തിച്ചു.

ലോകം നേരിടുന്ന മാനുഷിക പ്രതിസന്ധികൾ, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷാ ഭീഷണികൾ എന്നിവ നേരിടാൻ കൂട്ടായ ഉത്തരവാദിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസുമായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബഹ്റൈനും മറ്റ് ജിസിസി രാജ്യങ്ങൾക്കും നേരെയുള്ള ഇറാന്റെ ഭീഷണികളും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയും ചർച്ചയായി.

സമാധാനം പുനസ്ഥാപിക്കാൻ പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന വാഷിംഗ്ടൺ-ടെഹ്റാൻ ചർച്ചകൾക്ക് ഇരുപക്ഷവും പിന്തുണ അറിയിച്ചു. കംബോഡിയ, ചെക്ക് റിപ്പബ്ലിക്, അർജന്റീന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മേധാവികളുമായും ഡോ. അൽ സയാനി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷയും അന്താരാഷ്ട്ര ഏകോപനവും ശക്തിപ്പെടുത്തുന്നതിൽ ബഹ്റൈൻ കൂടുതൽ സജീവ പങ്കാളിത്തം തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Content Highlights: At a United Nations meeting, Bahrain adopted a strong stance emphasizing the need for collective global efforts to support peace initiatives and strengthen international cooperation.

dot image
To advertise here,contact us
dot image