

ഹോർമൂസ് കടലിടുക്കിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇറാൻ നടപടിയെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ശക്തമായി എതിർത്ത് യുഎഇ. ഇറാൻ സമുദ്ര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുകയാണെന്നും യുഎഇ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും ആഗോള സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനായി നിർണ്ണായക നടപടികൾ സ്വീകരിക്കാനും യുഎഇ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയോട് ആവശ്യപ്പെടുകയും ചെയ്തു.
യുഎൻ ചാർട്ടറിന്റെ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ച് രക്ഷാസമിതിയിൽ നടന്ന തുറന്ന ചർച്ചയിൽ സംസാരിക്കവെയാണ് ഐക്യരാഷ്ട്രസഭയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധി മുഹമ്മദ് അബുഷഹാബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പൽ ഗതാഗത സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തൂണാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സുപ്രധാന ആഗോള വ്യാപാര പാതകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമീപകാല സംഭവവികാസങ്ങൾ അടിവരയിടുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യവും ഒരു സുസ്ഥിര സമാധാനം നിലനിർത്താൻ കഴിയുന്നതല്ലെന്നും അബുഷഹാബ് വാദിച്ചു. ഏറ്റുമുട്ടലുകളിലൂടെയോ പ്രത്യയശാസ്ത്രപരമായ തർക്കങ്ങളിലൂടെയോ അല്ല, മറിച്ച് ചർച്ചകളിലൂടെയും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലൂടെയും മാത്രമെ ദീർഘകാല സ്ഥിരതയും പുരോഗതിയും കൈവരിക്കാൻ കഴിയൂ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നിരന്തര നിയമവിരുദ്ധ ആക്രമണങ്ങൾ നടത്തിയതായി അബുഷഹാബ് വ്യക്തമാക്കി.
Content Highlights: The UAE has voiced strong opposition at the United Nations against actions by Iran that it says are creating tensions in the Strait of Hormuz. The UAE stressed the importance of safeguarding maritime navigation and maintaining regional stability.