

നിങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ ഫോണിലെ Spotify അല്ലെങ്കിൽ ChatGPT ആപ്പ് തുറന്നു നോക്കിയിരുന്നോ? അതിൽ എന്തെങ്കിലും വ്യത്യാസം കാണാൻ സാധിച്ചിരുന്നോ? പതിവ് പച്ച വട്ടത്തിന് പകരം തിളങ്ങുന്ന കണ്ണാടിച്ചില്ലുകൾ പതിച്ച ഒരു ഡിസ്കോ ബാൾ (Disco ball) രൂപത്തിലാണോ സ്പോട്ടിഫൈയുടെ ലോഗോ അന്ന് കാണപ്പെട്ടത്?
എന്തുകൊണ്ടാണ് ഇങ്ങനെ കാണുന്നത് എന്ന് ചിന്തിച്ച് അന്തംവിട്ട ഉപഭോക്താക്കൾ നിരവധിയാണ്. ആപ്പ് അപ്ഡേറ്റ് ചെയ്തപ്പോൾ എന്തെങ്കിലും തകരാർ സംഭവിച്ചതാണോ എന്ന് വരെ ചിലർ സംശയിച്ചു. എന്നാൽ സംഭവം അതല്ല, സോഷ്യൽ മീഡിയയെ മൊത്തത്തിൽ പിടിച്ചുകുലുക്കിയ ഒരു വമ്പൻ ഇന്റർനെറ്റ് ട്രെൻഡിന്റെ തുടക്കമായിരുന്നു അത്. 'ഡിസ്കോമോർഫിസം' (Discomorphism) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വിപ്ലവം ഡിജിറ്റൽ ലോകത്തെ വമ്പൻ ബ്രാൻഡുകളുടെ ലോഗോകളെയാകെ മാറ്റിമറിക്കുകയാണ്.

സംഭവം ഇങ്ങനെ…
സ്പോട്ടിഫൈയുടെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു tagline അവർ പുറത്തുവിട്ടിരുന്നു. Spotify 20: Your Party of the Year എന്നതായിരുന്നു ആ tagline. ഈ tagline ആണ് എല്ലാ മാറ്റത്തിനും തുടക്കമിട്ടത്. പഴയകാല സംഗീത ഓർമ്മകളെ പുതുക്കാനും ഉപഭോക്താക്കൾക്ക് ഒരു പാർട്ടി മൂഡ് നൽകാനുമായി സ്പോട്ടിഫൈ തങ്ങളുടെ ലോഗോ താൽക്കാലികമായി ഒരു റെട്രോ ഡിസ്കോ ബാൾ രൂപത്തിലേക്ക് മാറ്റി.
എന്നാൽ ഈ മാറ്റം ഉപഭോക്താക്കൾക്ക് അത്ര എളുപ്പം ദഹിച്ചില്ല. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. ആപ്പിന്റെ പുതിയ ഡിസൈൻ 'വളരെ ചീപ്പാണ്', 'എന്തോ AI നിർമ്മിത അബദ്ധം പോലെ തോന്നിക്കുന്നു' എന്നെല്ലാം പലരും കുറിച്ചു. X പ്ലാറ്റ്‌ഫോമിൽ ചിലർ പരിഹസിച്ചു. 'ആപ്പ് എപ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്' എന്നൊക്കെ കമന്റുകൾ വന്നു.
വിമർശനങ്ങൾ കൂടിയപ്പോൾ സ്പോട്ടിഫൈ വളരെ രസകരമായി ഇതിനോട് പ്രതികരിച്ചു: 'ശരിയാണ്, തിളക്കമുള്ള വസ്തുക്കൾ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. ഞങ്ങളുടെ ഈ താൽക്കാലിക തിളക്കം ഉടൻ അവസാനിക്കും. അടുത്ത ആഴ്ചയോടെ നിങ്ങളുടെ പഴയ സ്പോട്ടിഫൈ ലോഗോ തിരിച്ചെത്തും.' ഇതായിരുന്നു Spotify നല്കിയ പ്രതികരണം. Spotify പുതിയ disco ball ലോഗോ പിൻവലിക്കുന്നതോടെ എല്ലാം അവിടം കൊണ്ട് അവസാനിക്കും എന്നാണ് മിക്കവരും കരുതിയത്. എന്നാൽ അത് മറ്റൊരു കളിയുടെ തുടക്കം മാത്രമായിരുന്നു.
പഴയ ലോഗോ തന്നെ പുനഃസ്ഥാപിക്കാം എന്ന് Spotify പറഞ്ഞുവെങ്കിലും വമ്പൻ ട്വിസ്റ്റുമായി ChatGPT രംഗത്തെത്തി. ChatGPT അതിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ തങ്ങളുടെ ലോഗോയുടെ disco-ball version അപ്‌ലോഡ് ചെയ്തു. കൂടെ ഒരു അടിക്കുറിപ്പും: "നിങ്ങൾക്ക് എന്ത് തോന്നുന്നു?". ഇതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
കളി മാറ്റിയ ChatGPT
അങ്ങനെ അങ്ങ് വിട്ടാൽ പറ്റില്ലല്ലോ എന്ന മട്ടിൽ ChatGPT എടുത്ത ഒരു സാധാരണ strategy പിന്നെ അങ്ങോട്ട് ഒരു വമ്പൻ ട്രെൻഡ് ആയി മാറുന്ന കാഴ്ചയാണ് ഇന്റർനെറ്റിൽ കാണാൻ സാധിച്ചത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ChatGPTയുടെ ആ പോസ്റ്റിന് ലഭിച്ചത്. ചാറ്റ്ജിപിടിയുടെ ഈ സ്മാർട്ട് നീക്കത്തിന് പിന്നാലെ മറ്റു വൻകിട കമ്പനികളായ Notion, MoonPay, Uniswap തുടങ്ങിയവരും തങ്ങളുടെ ബ്രാൻഡ് ലോഗോകൾ ഡിസ്കോ ബാൾ രൂപത്തിലാക്കി രംഗത്തെത്തി.
പുതിയ ലോഗോ തരംഗം
ലോഗോകളെ കണ്ണാടിച്ചില്ലുകൾ പതിച്ച തിളങ്ങുന്ന റെട്രോ സ്റ്റൈൽ വസ്തുക്കളാക്കി മാറ്റുന്ന ഈ ഡിസൈൻ ശൈലിയെ 'ഡിസ്കോമോർഫിസം' (Discomorphism) എന്നാണ് ഇന്റർനെറ്റ് വിളിക്കുന്നത്. പക്ഷെ ഈ ട്രെൻഡ് വൈറൽ ആകാൻ കാരണം ലോഗോക്ക് ഇവ നല്കുന്ന പ്രത്യേക രൂപം മാത്രമല്ല മറിച്ച് ഏതൊരു ലോഗോയും നിമിഷങ്ങൾക്കകം ഡിസ്കോ ബാൾ ആക്കി മാറ്റാൻ സാധിക്കും എന്ന വസ്‌തുതയാണ് ഇതിന്റെ പ്രധാന ആകർഷണം. പണ്ട് വലിയ കമ്പനികൾ തങ്ങളുടെ ബ്രാൻഡ് ലോഗോകളിലോ ഡിസൈനുകളിലോ മാറ്റം വരുത്താൻ മാസങ്ങളോളം നീണ്ട ആസൂത്രണം നടത്തിരുന്ന സ്ഥാനത്ത് നിമിഷങ്ങൾക്കകം ലോഗോകൾ മാറ്റാൻ സാധിക്കുന്ന തരത്തിലേക്ക് AI വളർന്നു എന്ന് ചുരുക്കം.
എന്തായാലും Discomorphism എന്ന പേരിൽ ഒരു ആപ്പ് പോലും ഡെവലപ്പർമാർ നിർമ്മിച്ചു കഴിഞ്ഞു. എഐ ടൂളുകൾ ഉപയോഗിച്ച് ബ്രാൻഡ് ലോഗോകളെ എങ്ങനെ disco ball വേർഷനിലേക്ക് മാറ്റാം എന്നതിനെ കുറിച്ച് ട്യൂട്ടോറിയലുകളും മറ്റും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. Spotify തങ്ങളുടെ disco ball logo പിൻവലിച്ചെങ്കിലും ഇന്റർനെറ്റിൽ വൻ ഓളം സൃഷ്ടിച്ച ഈ 'കണ്ണാടിച്ചില്ല്' വിപ്ലവം ഡിജിറ്റൽ ലോകത്ത് ഒരു വേറിട്ട അധ്യായമായി മാറിയിരിക്കുകയാണ്.
Content Highlight: Discomorphism is a viral AI-driven internet trend where major brands like Spotify and ChatGPT temporarily transform logos into retro disco balls.