

ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 226 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജകീയ മാപ്പ് പ്രഖ്യാപിച്ചു. ശിക്ഷാകാലാവധിയിൽ ഇളവ് ലഭിച്ചവർക്കൊപ്പം ബദൽ ശിക്ഷാനിയമത്തിന്റെ ആനുകൂല്യം ലഭിച്ച ചിലരും മോചിതരാകുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവുശിക്ഷയുടെ നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കാണ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പൊതുമാപ്പ് അനുവദിച്ചത്.
ആഘോഷവേളകളിൽ തടവുകാർക്ക് മാപ്പ് നൽകുന്ന രാജാവ് ഹമദിന്റെ പതിവ് കാരുണ്യനടപടികളുടെ തുടർച്ചയായാണ് ഇത്തവണയും ഈ തീരുമാനം വന്നിരിക്കുന്നത്. രാജകീയ ഉത്തരവിലൂടെ മോചനം ലഭിക്കുന്നവർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുചേരാനും രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളിൽ പങ്കാളികളാകാനും പുതിയ അവസരമാണ് തുറന്നുകിട്ടുന്നത്. പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് മോചിതരായവരുടെ ബന്ധുക്കൾ.
Content Highlights: Bahrain has announced the release of 226 prisoners as part of a special Eid Al Adha pardon. The move comes as a humanitarian gesture during the festive season.