റോഡുകളിലെ എമര്‍ജന്‍സി ലൈനുകളിൽ നിയമലംഘനം തടയണം; ആവശ്യവുമായി ബഹ്റൈൻ പാർലമെന്റ്

എമര്‍ജന്‍സി ലൈനുകളിലൂടെ ആംബുലന്‍സുകളുടെയും സിവില്‍ ഡിഫന്‍സ് വാഹനങ്ങളുടെയും തടസമില്ലാത്ത സഞ്ചാരം ഉറപ്പാക്കേണ്ടത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്

റോഡുകളിലെ എമര്‍ജന്‍സി ലൈനുകളിൽ നിയമലംഘനം തടയണം; ആവശ്യവുമായി ബഹ്റൈൻ പാർലമെന്റ്
dot image

ബഹ്റൈനില്‍ റോഡുകളിലെ എമര്‍ജന്‍സി ലൈനുകളിലെ നിയമലംഘനം തടയാന്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്ത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്കായുള്ള പ്രത്യേക പാതകളില്‍ മറ്റ് വാഹന യാത്രക്കാര്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എംഐ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

ബഹ്‌റൈനിലെ ഹൈവേകളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ള മഞ്ഞവരകളിലൂടെ നിയമം ലംഘിച്ച് മറ്റ് വാഹന യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ നടയാന്‍ ശക്തമായ നടപടി വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നത്. ഡോ: മുനീര്‍ സുരൂറിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് ഇതുസംബന്ധിച്ച അടിയന്തര നിര്‍ദ്ദേശം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.

എമര്‍ജന്‍സി ലൈനുകളിലൂടെ ആംബുലന്‍സുകളുടെയും സിവില്‍ ഡിഫന്‍സ് വാഹനങ്ങളുടെയും തടസമില്ലാത്ത സഞ്ചാരം ഉറപ്പാക്കേണ്ടത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇത്തരം ലൈനുകള്‍ ഉപയോഗിക്കുന്ന മറ്റ് വാഹങ്ങളെ കണ്ടെത്തുന്നതിനായി എഐ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചുകൊണ്ടുളള സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. നിലവിലുള്ള പിഴയ്ക്ക് പുറമെ നിയമലംഘനം നടത്തിയ ഉടന്‍ ഡ്രൈവര്‍മാരുടെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന രീതിയില്‍ പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തണം.

തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പല ഡ്രൈവര്‍മാരും എമര്‍ജന്‍സി ലൈനുകള്‍ ദുരുപയോഗം ചെയ്യുന്നത് പതിവാണെന്നും ഇത് ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തില്‍ 500ഓളം എഐ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഹൈവേകളിലെ എമര്‍ജന്‍സി ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നാണ് പാര്‍ലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിക്ക് കൈമാറിയ ശുപാര്‍ശയില്‍ പറയുന്നത്.

Content Highlights: The Bahrain Parliament has urged authorities to take stronger action against the misuse of emergency lanes on roads. Lawmakers emphasized that strict enforcement is necessary to ensure smooth emergency services and improve overall road safety in the country.

dot image
To advertise here,contact us
dot image