
ബഹ്റൈന് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പുമായി മലയാളികള്‍. ബഹ്‌റൈനില്‍ നിന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്. ഈ മാസം 16നാണ് മുഖ്യമന്ത്രി ബഹ്‌റൈനില്‍ എത്തുക.
ഭരണ നേതൃത്വത്തിന്റെ അതിഥിതിയായി 2017 ഫെബ്രുവരിയിലാണ് അവസാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈനില്‍ സന്ദര്‍ശനം നടത്തിയത്. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബഹ്റൈന്‍ വിദേശ കാര്യമന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായും അദ്ദേഹം അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി വീണ്ടുമെത്തുമ്പോള്‍ അവിസ്മരണീയമായ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് വിവിധ പ്രവാസി സംഘടനകള്‍. വിവിധ പരിപാടികളുടെ ക്രമീകരണത്തിനായി വിപുലമായ സംഘാടന സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. ഈ മാസം 16ന് രാവിലെ ബഹ്‌റൈനില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. തുടര്‍ന്ന് വൈകുന്നേരം എട്ട് മണിക്ക് മലയാളം മിഷന്റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവാസി മലയാളി സംഗമത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിാലണെന്ന് സംഘാട സമിതി ചെയര്‍മാനും കേരളീയ സമാജം പ്രസിഡന്റുമായ പി വി കൃഷ്ണപിള്ള പറഞ്ഞു.
ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യയില്‍ എത്തുന്ന മുഖ്യമന്ത്രി 17 മുതല്‍ 19 വരെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. പൊതു പരിപാടികള്‍ക്ക് പുറമെ വിവിധ പ്രവാസി സംഘടനകളുമായും ലോക കേരള സഭാ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
Content Highlights: Bahrain readies rousing welcome for CM Pinarayi Vijayan