
ബഹ്റൈനില്‍ വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ തടയുന്നതിന് നടപടിയുമായി ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ മൊബൈല്‍ നെറ്റ്‍വർക്ക് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് പുതിയ നീക്കം. ഉപഭോക്തൃ സംരക്ഷണത്തില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ മേഖലയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് നടപടി.
ബഹ്റൈനില്‍ അടുത്ത കാലത്തു പ്രവാസികള്‍ അടക്കം നിരവധി ആളുകള്‍ വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ വഴി കബളിപ്പിക്കപ്പെട്ടിരുന്നു. ബാങ്ക്, ടെലിഫോണ്‍, പേയ്‌മെന്റ് ലിങ്കുകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ തട്ടിപ്പു സംഘം ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടെലികോം ഉപയോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി അതോറിറ്റിയും ടെലഫോണ്‍ ഓപ്പറേറ്റര്‍മാരും തമ്മില്‍ തന്ത്രപരമായ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
മൊബൈല്‍ നെറ്റ്‍വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായുള്ള സഹകരണം ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് ട്രാ ഉപഭോക്തൃ കാര്യ, ആശയവിനിമയ ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹുമൂദ് അല്‍ ഖലീഫ പറഞ്ഞു. വഞ്ചനാപരമായ എസ്എംഎസ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അവപരിഹരിക്കുന്നതിനുള്ള കൂടുതല്‍ പ്രായോഗിക പരിഹാരങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനും ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നതിനുള്ള സാങ്കേതിക നടപടികളുടെ ആവശ്യകതകളും ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ചൂണ്ടികാട്ടി. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് പുതിയ സംരംഭമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി നറല്‍ ഡയറക്ടര്‍ ഫിലിപ്പ് മാര്‍ണിക് വ്യക്തമാക്കി.
Content Highlights: Telecommunications Regulatory Authority takes action to prevent fake SMS messages in Bahrain