
ബഹ്റൈനിൽ വ്യാജ സർവകലാശാല ബിരുദം ഉപയോഗിച്ച് സർക്കാർ സർവീസിൽ ജോലി ചെയ്തുവന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു. ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ 13 വർഷം ജോലി ചെയ്ത വന്ന ഏഷ്യക്കാരൻ ഹൈ ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.
പ്രതി ജോലിക്കായി നൽകിയിരുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം പരിശോധിക്കുന്നതിനായി അതോറിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കൾച്ചറൽ അറ്റാഷെക്ക് കൈമാറി. എന്നാൽ പ്രതി ബിരുദം നേടിയതായി അവകാശപ്പെട്ട യൂറോപ്യൻ രാജ്യത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യൂണിവേഴ്സിറ്റി വ്യാജമാണെന്നും ഏതെങ്കിലും ഔദ്യോഗികസ്ഥാപനം സർട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
വ്യാജ ബിരുദത്തിന്‍റെ അടിസ്ഥാനത്തിൽ 2010ൽ ജോലിയിൽ പ്രവേശിച്ച പ്രതിക്ക് വർഷങ്ങളോളം കരാർ പുതുക്കി നൽകിയിരുന്നു. 2010നും 2023നും ഇടയിൽ പ്രതി മനപൂർവം വ്യാജ ബിരുദം ഉപയോഗിച്ച് ജോലിയിൽ തുടരുകയും കരാർ പുതുക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ വാദത്തിൽമേൽ കുറ്റം തെളിഞ്ഞതോടെയാണ് പ്രതിയെ 10 വർഷം തടവിന് കോടതി ശിക്ഷിച്ചത്.
Content Highlights: Expatriate who worked in Bahrain using fake university degree gets 10 years in prison