
സഞ്ജയ് ദത്ത്, വിദ്യ ബാലൻ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രദീപ് സർക്കാർ സംവിധാനം ചെയ്ത സിനിമയാണ് പരിണീത. ചിത്രത്തിനായി 75 തവണ വിദ്യ ബാലൻ ഓഡീഷൻ നൽകിയെന്നും എന്നാൽ ഓരോ തവണയും അവർ തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് മനസുതുറക്കുകയാണ് സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര. ആ കഥാപാത്രത്തിനായി പല മുൻനിര നടിമാരും ഓഡീഷൻ ചെയ്തിരുന്നെന്നും എന്നാൽ ഒടുവിൽ അത് വിദ്യ ബാലനിലേക്ക് തന്നെ എത്തിയെന്നും ശന്തനു മൊയ്ത്ര പറഞ്ഞു.
'പരിണീതയിലെ റോളിനായി 75 തവണയാണ് വിദ്യ ബാലൻ ഓഡിഷൻ ചെയ്തത്. എന്നാൽ എല്ലാ തവണയും അവർ തഴയപ്പെട്ടു. വിദ്യ ബാലന്റെ കഥ തോറ്റുപോയെന്ന് കരുതുന്നവർക്കുള്ളതാണ്. അവർ ഏകദേശം 75 തവണ ഓഡിഷനിൽ പങ്കെടുത്തു, ഓരോ തവണയും നിരസിക്കപ്പെട്ടു. അപ്പോൾ അവളുടെ ആത്മാഭിമാനം നിങ്ങൾക്ക് ഊഹിക്കാമോ?. ആ സമയത്ത്, പല മുൻനിര നടിമാരും അതേ റോളിനായി ഓഡീഷനുകൾ നൽകുകയും സംവിധായകനെ ആ വേഷത്തിനായി വിളിക്കുകയും ചെയ്തിട്ടുണ്ട്.
75-ാമത്തെ തവണയും നിരസിക്കപ്പെട്ടതിന്റെ പിറ്റേന്ന്, മുംബൈയിൽ ബ്രയാൻ ആഡംസിന്റെ ഒരു കോൺസെർട്ട് നടക്കുകയായിരുന്നു. വിദ്യ ബാലൻ അതിന് പോകാനായി തയ്യാറെടുത്ത് നിൽക്കുമ്പോഴാണ് സിനിമയുടെ സംവിധായകൻ പ്രദീപ് സർക്കാർ ഒരു അവസാന ഒഡീഷനായി വിദ്യയെ വിളിക്കുന്നത്. ഏകദേശം 3:30 ന് തനിക്ക് റോൾ ലഭിക്കില്ല എന്ന ചിന്തയോടെ വിദ്യ ബാലൻ ഓഡീഷൻ നൽകിയിട്ട് പോയി. കോൺസെർട്ടിന് ഇടയിൽ വെച്ചാണ് തനിക്ക് ആ റോൾ ലഭിച്ചെന്ന വാർത്ത വിദ്യ ബാലൻ അറിയുന്നത്. ആ സിനിമയ്ക്ക് ശേഷം അവർ ഒരു ഗംഭീര നടിയായി', ശന്തനു മൊയ്ത്ര പറഞ്ഞു. അതേസമയം, ചിത്രത്തിൽ നായികയായി ആദ്യം ഐശ്വര്യ റായിയെ ആയിരുന്നു മനസ്സിൽ കണ്ടതെന്ന് മുൻപ് ഒരു അഭിമുഖത്തിൽ നിർമാതാവ് വിധു വിനോദ് ചോപ്ര മനസുതുറന്നിരുന്നു.
53-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം പ്രദീപ് സർക്കാറിന് ലഭിച്ചിരുന്നു. വിധു വിനോദ് ചോപ്ര, പ്രദീപ് സർക്കാർ, അർണവ് ചക്രവർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. വിധു വിനോദ് ചോപ്ര ആയിരുന്നു സിനിമ നിർമിച്ചതും. റൈമ സെൻ, ദിയാ മിർസ രേഖി, സബ്യസാചി ചക്രബർത്തി തുടങ്ങിയവരും സിനിമയിൽ പ്രധാന റോളുകളിൽ എത്തിയിരുന്നു.
Content Highlights: Vidya balan gave 75 auditions for parineeta says music director