കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ബഹ്റൈൻ; 2025 ആദ്യ ആറ് മാസത്തിൽ ഇരട്ടിയോളം വർധന

ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് അസംസ്കൃത അലുമിനിയം അലോയികളാണ്

dot image

കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ബഹ്റൈൻ. ഈ വർഷത്തെ ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം, ബഹ്റൈന്റെ ദേശീയ കയറ്റുമതി 2.014 ബില്യൺ ദിനാറിലെത്തി. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ലോഹങ്ങളും മറ്റ് വ്യാവസായിക ഉൽപ്പന്നങ്ങളുമായിരുന്നു. അസംസ്കൃത വസ്തുക്കളായ അലുമിനിയം അലോയികളും അഗ്ലോമറേറ്റഡ് ഇരുമ്പയിരുകളും ഈ വളർച്ചയിൽ നിർണായകമായി. വളർച്ച ബഹ്റൈന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉത്തേജനവും നൽകിയിട്ടുണ്ട്.

ഈ ആറ് മാസങ്ങളിൽ, ബഹ്‌റൈൻ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് അസംസ്കൃത അലുമിനിയം അലോയികളാണ്. ഇതിന്റെ മൂല്യം 572.7 ദശലക്ഷം ദിനാറാണ്. രണ്ടാമതായി 322.3 ദശലക്ഷം ദിനാറിന്റെ ഇരുമ്പയിരുകളാണ് കയറ്റുമതി ചെയ്തത്. ഏകദേശം 5.4 ബില്യൺ കിലോഗ്രാമിലധികം ഇരുമ്പയിരാണ് ഇക്കാലയളവിൽ കയറ്റി അയച്ചത്.

കയറ്റുമതിയുടെ അളവ് നോക്കുമ്പോൾ, ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് ഇരുമ്പയിരാണ്. അതിനു പിന്നിൽ ഏകദേശം 497 ദശലക്ഷം കിലോഗ്രാമിൽ അലുമിനിയം അലോയികളും, ഏകദേശം 449 ദശലക്ഷം കിലോഗ്രാം യൂറിയയും കയറ്റുമതി ചെയ്തു. ഈ കണക്കുകൾ പ്രകാരം, ബഹ്‌റൈൻ പ്രധാനമായും ലോഹങ്ങൾ, രാസവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, സ്ക്രാപ്പ് എന്നിവയുടെ കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് വ്യക്തമാണ്. അലുമിനിയവും സ്റ്റീൽ കോറുകളും ഉപയോഗിച്ച് നിർമ്മിച്ച ഇലക്ട്രിക്കൽ കേബിളുകൾ, ഭാഗികമായി പൂർത്തിയാക്കിയ ഇരുമ്പ്, സ്റ്റീൽ കഷണങ്ങൾ എന്നിവയും കയറ്റുമതി ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.

രാസവസ്തുക്കളുടെ വിഭാഗത്തിൽ, കൃഷിക്ക് ഉപയോഗിക്കുന്ന യൂറിയ ഏകദേശം 82 ദശലക്ഷം ദിനാറിന് കയറ്റുമതി ചെയ്തു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള മെഥനോളും വലിയ അളവിൽ കയറ്റുമതി ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് സംസ്കരിച്ച ചീസ് ആയിരുന്നു.

ഇരുമ്പയിരിന്റെ ഭൂരിഭാഗവും അയൽ രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് കയറ്റി അയച്ചത്. ഈ രാജ്യങ്ങളിലേക്ക് മാത്രം 215 ദശലക്ഷം ദിനാറിന്റെ ഉൽപ്പന്നങ്ങൾ കയറ്റി അയച്ചു. അതേസമയം, അലുമിനിയം ഉൽപ്പന്നങ്ങൾ കൂടുതലായി അയച്ചത് യു.എ.ഇ, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ്.

Content Highlights: Bahrain achieves record export gains

dot image
To advertise here,contact us
dot image