
ബഹ്റൈനിൽ 15 വയസിന് മുകളിലുള്ളവരിൽ പുകവലി വർധിക്കുന്നതായി റിപ്പോർട്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബഹ്‌റൈനിലെ 15 വയസ്സിന് മുകളിലുള്ളവരിൽ 18.1% ആളുകൾ പുകവലിക്കുന്നവരാണ്. 2025-ലെ ഗവേഷണ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി ബഹ്‌റൈൻ ആന്റി-സ്മോക്കിംഗ് സൊസൈറ്റി അംഗം ഡോ. ഫാത്തിമ അൽമത്‌റൂക് ആണ് ഈ വിവരം വെളിപ്പെടുത്തിയത്.
ലോക ശ്വാസകോശ അർബുദ ദിനത്തോട് അനുബന്ധിച്ചാണ് ഡോക്ടർ ഈ കണക്കുകൾ പുറത്തുവിട്ടത്. എത്രയും വേഗം പുകവലി ഉപേക്ഷിക്കുന്നത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും അവർ ഓർമിപ്പിച്ചു. പുകയിലയിൽ ഏകദേശം 7,000 രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇതിൽ 70-ൽ അധികവും കാൻസറിന് കാരണമാകുന്നവയാണ്.
ഈ രാസവസ്തുക്കൾ ശ്വാസകോശത്തിലെയും ശ്വസന വ്യവസ്ഥയിലെയും കോശങ്ങളെ നശിപ്പിക്കുകയും കാലക്രമേണ അർബുദമായി മാറുകയും ചെയ്യും. ശ്വാസകോശ അർബുദം ബാധിച്ചവരിൽ 85 മുതൽ 90 ശതമാനം വരെ ആളുകൾക്ക് പുകവലിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് ഡോക്ടർ ഫാത്തിമ വ്യക്തമാക്കി.
Content Highlights: Smoking is increasing among people over the age of 15 in Bahrain