
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തുവന്നു.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും തകർത്താടുന്ന ഒരു പക്കാ ഡാൻസ് നമ്പർ ആയിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ജനാബ്-ഇ-ആലി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിയേറ്ററിൽ മാത്രമേ നിലവിൽ ഈ ഗാനം മുഴുവനായി പ്രേക്ഷകർക്ക് ആസ്വദിക്കാനാകൂ. പ്രീതം ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സച്ചേത് ടണ്ടൻ, സാജ് ഭട്ട് എന്നിവർ ചേർന്നാണ്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റാണ് സിനിമയുടെ നീളം.
മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആർ 70 കോടി പ്രതിഫലം വാങ്ങിയപ്പോൾ ഹൃത്വിക് റോഷന് 50 കോടിയും സിനിമയുടെ ലാഭ വിഹിതവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുവരെ പുറത്തുവിട്ട സിനിമയുടെ അപ്ഡേറ്റുകളിൽ ആരാധകർ തൃപ്തരല്ല. സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമായിരുന്നു പ്രേക്ഷകരുടെ കമന്റ്. ട്രെയിലറിനും ഇതേ അഭിപ്രായമാണ് ലഭിക്കുന്നത്.
Content Hightights: New song from War 2 out now