
ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ ഇനി മുതൽ മനാമയിലെ സനാബീസിലുള്ള ബഹ്റൈൻ മാളിലെ കെ.എ. വിസ സെന്‍ററിൽ ലഭ്യമാകും. ഇന്ന് മുതലാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുക. ബഹ്റൈനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ മാറ്റം അറിയിച്ചത്. മാളിലെ ഒന്നാം നിലയിൽ 14 കൗണ്ടറുകളുള്ള വിശാലമായ ഓഫീസ് ആണ് സേവനത്തിനായി ഒരുക്കിയിട്ടുള്ളത്.
ശനി മുതൽ വ്യാഴം വരെ ഓഫീസ് പ്രവർത്തിക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് മണി വരെയാണ് പ്രവർത്തനസമയം. വെള്ളിയാഴ്ച അവധിദിവസമായിരിക്കും. ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ഫോട്ടോകോപ്പി, കൊറിയർ സേവനം തുടങ്ങി എല്ലാ സേവനങ്ങൾക്കും കൂടി 180 ഫിൽസ് മാത്രമാണ് ഈടാക്കുന്നത്. നേരത്തെ ഓരോ സേവനത്തിനും വെവ്വേറെ ഫീസ് ഈടാക്കിയിരുന്നു. പണമായോ, കാർഡ്, ബെനിഫിറ്റ് പോലുള്ള ഇ-പേമെന്റ് വഴിയോ ഫീസ് അടയ്ക്കാം. പാസ്‌പോർട്ട് തയ്യാറായവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ട് ചെന്ന് കൈപ്പറ്റാവുന്നതാണ്.
പാസ്പോർട്ട് സേവനങ്ങൾക്കായി നേരത്തെ, 'EoIBHConnect' എന്ന ആപ്പ് വഴിയായിരുന്നു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ https://www.skylane.com/bh/india എന്ന വെബ്സൈറ്റ് വഴിയാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്. 'EoIBHConnect' ആപ്പ് വഴി ഇനി അപ്പോയിന്റ്മെന്റുകൾ ലഭിക്കില്ല.
Content Highlights: Indian passport and visa services in Bahrain now available at Bahrain Mall