പ്രവാസികളുടെ പ്രവേശനം, മടക്കയാത്ര, താമസം; നിയമ ഭേദഗതിയുടെ കരടിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ

2015ലെ 21-ാം നമ്പർ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് കരട് തീരുമാനം
പ്രവാസികളുടെ പ്രവേശനം, മടക്കയാത്ര, താമസം; നിയമ ഭേദഗതിയുടെ കരടിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ

ദോഹ: രാജ്യത്തെ പ്രവാസികളുടെ വരവ്, മടക്കയാത്ര, താമസം എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന തീരുമാനത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പ്രവാസികളുടെ വരവ്, പോക്ക്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015ലെ 21-ാം നമ്പർ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് കരട് തീരുമാനം. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ എച്ച് ഇ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയാണ് വിവരം പങ്കുവെച്ചത്.

ജിസിസി രാജ്യങ്ങള്‍ക്കായുള്ള ഏകീകൃത വ്യാവസായിക റഗുലേഷന്‍ നിയമം സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നല്‍കി കൂടുതല്‍ വിലയിരുത്തലിനായി ശൂറാ കൗണ്‍സിലിനും കൈമാറിയിട്ടുണ്ട്. ഖത്തറിന് പുറത്തേക്ക് കൊണ്ടുപോകുന്ന മെക്കാനിക്കൽ വാഹനങ്ങൾക്ക് എക്സിറ്റ് പെർമിറ്റിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അം​ഗീകാരം നൽകി.

ദേശീയ മേല്‍വിലാസം സംബന്ധിച്ച 2017 ലെ 24-ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച 2019ലെ 96-ാം നമ്പര്‍ വ്യവസ്ഥകളിലെ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഖത്തര്‍ ഐഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഡാറ്റകളും അതു ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും സംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രിയുടെ 2015ലെ 17-ാം നമ്പര്‍ തീരുമാനത്തിലെ ഏതാനും വ്യവസ്ഥകളിലെ ഭേ​ദ​ഗതി സംബന്ധിച്ച കരട് തീരുമാനങ്ങള്‍ക്കും മന്ത്രിസഭ അം​ഗീകാരം നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com