എൽപിജി വില റോക്കറ്റ് പോലെ ഉയരുമ്പോൾ, സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും എന്ത് പറ്റും?

ഹോട്ടലുകളിൽ അടുപ്പ് പുകഞ്ഞില്ലെങ്കിൽ ഡെലിവറി ആപ്പുകൾക്ക് ബിസിനസ്സില്ല എന്ന ലളിതമായ കാര്യമാണ് ഇപ്പോൾ ഓഹരി വില താഴാൻ കാരണം

എൽപിജി വില റോക്കറ്റ് പോലെ ഉയരുമ്പോൾ, സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും എന്ത് പറ്റും?
സുമ സണ്ണി
1 min read|13 Mar 2026, 10:48 am
dot image

ഗ്യാസ് വിലയിലെ വർദ്ധനവും ലഭ്യതക്കുറവും കാരണം രാജ്യത്തെ ആയിരക്കണക്കിന് ഹോട്ടലുകൾ പ്രതിസന്ധിയിലായതോടെ ഓഹരി വിപണിയിൽ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കഷ്ടകാലം. ഹോട്ടലുകളിൽ അടുപ്പ് പുകഞ്ഞില്ലെങ്കിൽ ഡെലിവറി ആപ്പുകൾക്ക് ബിസിനസ്സില്ല എന്ന ലളിതമായ കാര്യമാണ് ഇപ്പോൾ ഓഹരി വില താഴാൻ കാരണം.

swiggy

നമ്മുടെ വീടുകളിലെ ഗ്യാസ് സിലിണ്ടറിന് വില കൂടുന്നതും സിലിണ്ടർ കിട്ടാൻ വൈകുന്നതും വെറും ഒരു അടുക്കള പ്രശ്‍നം മാത്രമല്ല. നിങ്ങൾ ഫോണിലൂടെ ഓർഡർ ചെയ്യുന്ന ബിരിയാണിയുടെ വിലയെയും, സ്വിഗ്ഗിയിലും സൊമാറ്റോയിലും നിങ്ങൾ നിക്ഷേപിച്ച പണത്തിന്റെ മൂല്യത്തെയും ഇത് നേരിട്ട് ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ പുതിയ എൽ.പി.ജി പ്രതിസന്ധി എങ്ങനെയെല്ലാമാണ് ഫുഡ് ഡെലിവറി ഭീമന്മാരെയും ഉലയ്ക്കുന്നത് എന്ന് നോക്കാം.

എൽ.പി.ജി ക്ഷാമം കാരണം ബംഗളൂരു പോലുള്ള നഗരങ്ങളിൽ ഹോട്ടലുകൾ നിശ്ചലമാകുമ്പോൾ, അതിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് ഭക്ഷണപ്രേമികൾ മാത്രമല്ല, ഓഹരി നിക്ഷേപകർ കൂടിയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ പാചകവാതക പ്രതിസന്ധി നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്?

ഇന്ത്യയിലെ പാചകവാതക വിപണിയിൽ ഇപ്പോൾ രണ്ട് പ്രധാന കാര്യങ്ങളാണ് നടക്കുന്നത്.

വിലവർദ്ധനവ്

2026 മാർച്ചിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 60 രൂപ വർദ്ധിച്ചു (ഡൽഹിയിൽ ഏകദേശം 913 രൂപ). വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 114 രൂപയോളം കൂടി.

ലഭ്യതക്കുറവ്

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ത്യയിലേക്കുള്ള ഗ്യാസ് ഇറക്കുമതിയിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇത് പല നഗരങ്ങളിലും സിലിണ്ടറുകളുടെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഭക്ഷണ വിതരണ കമ്പനികളുടെ ബിസിനസ്സ് പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത് റെസ്റ്റോറന്റുകളെയാണ്. ഗ്യാസ് പ്രശ്നം ഇവരെ ബാധിക്കുന്നത് പ്രധാനമായും മൂന്ന് വഴികളിലൂടെയാണ്.

hotel is closed

ഹോട്ടലുകൾ അടച്ചുപൂട്ടുന്നു

ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം കാരണം ബംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിൽ പല റെസ്റ്റോറന്റുകളും താൽക്കാലികമായി അടച്ചുപൂട്ടുകയോ പ്രവർത്തനം കുറയ്ക്കുകയോ ചെയ്തു. കൊച്ചിയിലും ഹോട്ടലുകൾ അടച്ചു പൂട്ടിയിട്ടുണ്ട് . ഹോട്ടലുകൾ പൂട്ടിയാൽ ഡെലിവറി കമ്പനികൾക്ക് ഓർഡറുകൾ കുറയും.

ചെലവ് കൂടുന്നു

ഗ്യാസ് വില കൂടുമ്പോൾ ഹോട്ടലുകൾ ഭക്ഷണത്തിന് വില കൂട്ടാൻ നിർബന്ധിതരാകുന്നു. ഭക്ഷണത്തിന് വില കൂടുമ്പോൾ ആളുകൾ ഓർഡർ ചെയ്യുന്നത് കുറയ്ക്കാൻ സാധ്യതയുണ്ട്.

ഓഹരി വിപണിയിലെ ഇടിവ്

ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നത് കാരണം കഴിഞ്ഞ ദിവസങ്ങളിൽ സ്വിഗി, സൊമാറ്റോ ഓഹരികൾ 1% മുതൽ 5% വരെ ഇടിഞ്ഞു. ഇന്ന് ഈ ഓഹരികൾ നേരിയ പച്ച തൊട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു മാസത്തിൽ സ്വിഗി 16% വും ആറു മാസത്തിൽ 33%വും, ഒരു വർഷത്തിൽ 70 ശതമാനവുമാണ് ഇടിഞ്ഞിരിക്കുന്നത്.

swiggy share price

സൊമാറ്റോയുടെ ഓഹരികൾ (ഇറ്റേണൽ) ഒരു മാസത്തിൽ 24%വും, ആറു മാസത്തിൽ 33%വും ഇടിഞ്ഞിട്ടുണ്ട്. ഇന്നും ഈ ഓഹരി 2 ശതമാനം ഇടിവിലാണ്. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സ്വിഗ്ഗിയുടെ നഷ്ടം വർദ്ധിച്ചിട്ടുണ്ട് (ഏകദേശം 1,065 കോടി). അവർ ബിസിനസ്സ് വർദ്ധിപ്പിക്കാനായി ധാരാളം പണം ചിലവാക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താൻ കഴിയുന്നില്ല.

സൊമാറ്റോ ലാഭത്തിലേക്ക് കടന്നെങ്കിലും, അവരുടെ ഓഹരിയുടെ വില ഇപ്പോൾ വളരെ കൂടുതലാണെന്ന് പല വിദഗ്ധരും കരുതുന്നു. അതുകൊണ്ട് തന്നെ ചെറിയൊരു ലാഭം കിട്ടുമ്പോൾ ആളുകൾ ഓഹരികൾ വിറ്റഴിക്കുന്നു. ഈ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് കൂനിന്മേൽ കുരുവായി ഇപ്പോൾ ഇറാൻ യുദ്ധവും ഈ ഓഹരികളിൽ കരി നിഴൽ വീഴ്ത്തുന്നത്.

eternal share price

ചുരുക്കത്തിൽ ഗ്യാസ് സിലിണ്ടറുകൾ കിട്ടാതാവുകയോ വില അമിതമായി കൂടുകയോ ചെയ്യുന്നത് ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. ഇത് സ്വാഭാവികമായും സ്വിഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്.ചില ബ്രോക്കറേജ് കമ്പനികൾ സ്വിഗിയുടേയും സൊമാറ്റോയുടേയും ഓഹരികൾ ഉയരുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ചെറുകിട നിക്ഷേപകർക്ക് ഈ ഓഹരികളിൽ വിശ്വാസം നഷ്ടപ്പെടുകയാണ് എന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്.

Content Highlights: Gas shortage forces hotel kitchens to slow down, putting pressure on Swiggy and Zomato’s business and stock performance

dot image
To advertise here,contact us
dot image