സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുക ലക്ഷ്യം; 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസാ പദ്ധതിയുമായി ഖത്തർ

പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വിസ പുതുക്കേണ്ടി വരിക

സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുക ലക്ഷ്യം; 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസാ പദ്ധതിയുമായി ഖത്തർ
dot image

പത്ത് വര്‍ഷത്തെ ദീര്‍ഘകാല ഗോള്‍ഡന്‍ വിസാ പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തര്‍ ഭരണകൂടം. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രമുഖ സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പ്രഖ്യാപനം. പ്രവാസികള്‍ക്കും ആഗോള നിക്ഷേപകര്‍ക്കും വലിയ ആവേശം പകരുന്ന പ്രഖ്യാപനമാണ് ഖത്തര്‍ ഭരണകൂടം നടത്തിയിരിക്കുന്നത്.

തലസ്ഥാനമായ ദോഹയില്‍ നടന്ന 'വെബ് സമ്മിറ്റ് 2026'ന്റെ വേദിയിലായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ സുപ്രധാന പ്രഖ്യാപനം. നിലവിലുള്ള ഹ്രസ്വകാല വിസ രീതികളില്‍ നിന്ന് വ്യത്യസ്തമായി, വിദേശികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹായമില്ലാതെ തന്നെ ഖത്തറില്‍ ദീര്‍ഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും അവസരം നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.

പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വിസ പുതുക്കേണ്ടി വരിക. വിദേശ നിക്ഷേപകര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സ്ഥിരതയും പത്ത് വര്‍ഷത്തെ റസിന്‍സി വിസ വാഗ്ദാനം ചെയ്യുന്നു. സ്വന്തമായി ബിസിനസ് ആശയങ്ങളുള്ളവര്‍ക്കും ഖത്തറില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുള്ളവര്‍ക്കും ദീര്‍ഘകാല വിസക്കായി അപേക്ഷിക്കാനാകും.

ഖത്തര്‍ ഫിന്‍ടെക് ഹബ്, ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ അംഗീകൃത ബിസിനസ് ഇന്‍കുബേറ്ററുകളില്‍ നിന്നുള്ള സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. കുറഞ്ഞത് 2,50,000 ഖത്തര്‍ റിയാല്‍ നിക്ഷേപവും കൃത്യമായ ബിസിനസ് പ്ലാനും ഉണ്ടായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ പറയുന്നു. ഖത്തറില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറമെ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും ഗോള്‍ഡന്‍ വിസക്കായി അപേക്ഷിക്കാനാകും.മറ്റ് രാജ്യക്കാര്‍ക്കുള്ള മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Content Highlights: Qatar has announced a 10-year Golden Visa program aimed at attracting entrepreneurs and talented professionals, boosting foreign investment, and promoting economic growth.

dot image
To advertise here,contact us
dot image